Wednesday, April 30, 2014

രാമക്കല്‍മേട്,ചെല്ലാര്‍കോവില്‍,ഒട്ടകതലമേട് - സഹ്യ സൌന്ദര്യം

നിങ്ങള്‍ കുമളിയില്‍ നിന്നും മൂന്നാറിനോ അതോ തിരിച്ചോ യാത്ര ചെയ്യുമ്പോള്‍ യാത്രാപഥത്തില്‍ അല്പം മാറ്റം വരുത്തിയാല്‍ സന്ദര്‍ശിക്കാവുന്ന മൂന്നു സുന്ദരമായ സ്ഥലങ്ങളെ കുറിച്ചാണ് ഈ കുറിപ്പ്.


കുമിളി - മുന്നാര്‍ ഹൈവേയിലൂടെ രാവിലെ 8 മണിയോടെ യാത്ര ആരംഭിച്ചു. ഏതാണ്ട് 9 കിലോ മീറ്റര്‍ കഴിഞ്ഞപ്പോള്‍ ഇടത്തോട്ട് തിരിഞ്ഞു 2 കിലോമീറ്റര്‍ കുത്തനെയുള്ള കയറ്റം. പക്ഷേ ഗതാഗത യോഗ്യമാണ്. മുകളില്‍ ചെന്നാല്‍ നല്ല ഒരു വ്യൂ പോയിന്റ്‌. ഒട്ടകതല മേട് .
ഇവിടെ നിന്നാല്‍ താഴെക്കുടെ പോകുന്ന ഹൈവേയുടെയും, ചുറ്റുമുള്ള മലനിരകളുടെയും മനോഹര ദൃശ്യങ്ങള്‍. 





നല്ല തണുത്ത ശുദ്ധമായ വായു. പുകപോലെ ഉയരുന്ന കോടമഞ്ഞ്‌.

അര മണിക്കൂര്‍ ചിലവഴിച്ചു. തിരികെ മെയിന്‍ റോഡില്‍ ഇറങ്ങി ഇടത്തേക്ക് തിരിഞ്ഞു 2 കിലോമീറ്റര്‍ സഞ്ചരിച്ചു അണക്കര എത്തി വലത്തേക്ക് തിരിഞ്ഞു ചെല്ലാര്‍ കോവില്‍ വ്യൂ പോയിന്റിലേക്ക്.

അവിടെ എത്തുന്നതിനു മുന്പായി വലത്തോട്ട് 1 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ "സുരങ്ങനാറു" വെള്ളച്ചാട്ടത്തിന്റെ അരികില്‍ എത്താം. വഴി മോശമായതിനാല്‍ ആ പരിപാടി ഉപേക്ഷിച്ചു.


വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യം തന്നെ മനോഹരമായിരിന്നു. ഏതാണ്ട് 300 മീറ്റര്‍ താഴ്ചയിലേക്ക് പതിക്കുന്ന ഇത് ഒരു ആത്മഹത്യാ കേന്ദ്രം കൂടി ആണ്.

സമുദ്ര നിരപ്പില്‍ നിന്നും 3250 അടി ഉയരത്തിലുള്ള ചെല്ലാര്‍ കോവിലില്‍ നിന്നുള്ള കാഴ്ച വിമാനത്തില്‍ നിന്നും താഴേക്ക്‌ നോക്കുന്നത് പോലെയാണ്. തമിഴ്നാടിന്റെ കൃഷിയിടങ്ങളും റോഡുകളും ദൂരെയായി ഒരു തടാകവും ഗൂടല്ലൂര്‍ പട്ടണവും.






അവിടെ നിന്നും പുറപ്പെട്ടു, ഏലവും കാപ്പിയും കുരുമുളകും ഇരു വശവും തിങ്ങിനിറഞ്ഞ വഴികളിലൂടെ. ഇടയ്ക്കു നെല്ല്കൃഷിയും. കംബംമെട്ടു ജങ്ക്ഷനില്‍ എത്തി. ഇവിടെ നിന്നു വലത്തോട്ട് പോയാല്‍ കംബതെത്തും. ഞങ്ങള്‍ നേരെ "ബാലന്‍ പിള്ള സിറ്റി " വഴി രാമക്കല്‍മെട്ടിലേക്ക്.

രാമായണ കാലഘട്ടത്തില്‍ ശ്രീരാമന്‍ സീതയെ അന്വേഷിച്ചു ഇവിടെ വന്നു എന്നും "സീതാ നീ എവിടെ" എന്ന് ഉറക്കെ ചോദിച്ചുവെന്നും ഐതിഹ്യം.

രാമപാദങ്ങള്‍ പതിഞ്ഞതിനാലാണ് ഇവിടം രാമക്കല്‍മേട്‌ എന്നറിയപ്പെടുന്നത്.
രാമന്‍ ഇവിടെ നിന്നാണ് ലങ്കക്ക് ചിറ കെട്ടേണ്ട സ്ഥലം തീരുമാനിച്ചത് എന്നും പറയുന്നു.

ഏതാണ്ട് 3500 അടി ഉയരത്തിലുള്ള ഇവിടം കേരളവും തമിഴ്നാടും പങ്കിട്ടെടുക്കുന്നു. സംസ്ഥാന അതിര്‍ത്തികള്‍ നിര്നയിച്ചപ്പോള്‍ ഇത് പോലെയുള്ള സ്ഥലങ്ങള്‍ വെള്ളമൊഴുക്ക് അടിസ്ഥാനമാക്കിയാണ് നിര്‍ണയിച്ചത്. അതായത്, മഴ പെയ്യുമ്പോള്‍ കേരളത്തിലേക്ക് ഒഴുകുന്നിടം കേരളത്തിനും തമിഴ്നാട്ടിലെക്കാനെങ്കില്‍ അവര്‍ക്കും.

ഞങ്ങള്‍ നേരെ കേരള ഭാഗത്തേക്ക്‌ വണ്ടി തിരിച്ചു. ഇവിടെ ഏറ്റവും മുകളില്‍ വരെ വാഹനങ്ങള്‍ ചെല്ലും.
ആര്‍ടിസ്റ്റ് ജിനനന്‍ രൂപകല്‍പന ചെയ്ത "കുറവന്‍ കുറത്തി" പ്രതിമയാണ് പ്രധാന ആകര്‍ഷണം.



ഇരുന്നു വിശ്രമിക്കാനുള്ള ബഞ്ചുകളും ഒരുക്കിയിട്ടുണ്ട്.


എല്ലാ കാലത്തും ശക്തമായ കാറ്റടിക്കുന്ന കേരളത്തിലെ രണ്ടാമത്തെ സ്ഥലമായ ഇവിടെ ഇരിക്കുക സുഖകരമാണ്. താഴേക്കു ചരിഞ്ഞു പോകുന്ന പുല്‍മേടുകളും, ദൂരെ കാണുന്ന തമിഴ്നാടിന്റെ കൃഷി ഭൂമികളും. സുന്ദരാനുഭൂതികള്‍ നല്‍കുന്നു.



ദൂരെയായി രാമക്കല്‍മെടിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗവും കാണാം. ഇവിടം തമിഴ്നാടിന്റെ ഭാഗമാണ്.
അല്‍പനേരം ഇവിടെ ഇരിന്നു. അതിനു ശേഷം മരുഭാഗതെക്ക് പോകാന്‍ താഴേക്കിറങ്ങി. അവിടേക്ക് ഏതാണ്ട് 700 മീറ്ററോളം നടന്നു വേണം പോകാന്‍.
ഈറ്റക്കാടുകളും കുത്തനെയുള്ള കയറ്റവും. ആരും തളര്‍ന്നു പോകും.





മുകളിലെത്തിയാല്‍ നല്ല കാറ്റും മനോഹര ദൃശ്യങ്ങളും.







അല്‍പസമയം വിശ്രമിച്ചിട്ട് താഴേക്കു വന്നു. ഞങ്ങള്‍ തിരികെ കുമിളിക്കാണ്.
മൂന്നാറിന് പോകണ്ടവ്ര്‍ക്ക് തൂക്കുപാലം നെടുങ്കണ്ടം വഴി പോകാം.
കമ്പം മെട്ടു വന്നു കമ്പത്തിറങ്ങി


കമ്പത്തെ മുന്തിരി തോട്ടത്തില്‍ നിന്നു 20 രൂപാ നിരക്കില്‍ മുന്തിരി വാങ്ങി




ഗൂടല്ലുരിലെ പച്ചക്കറിക്കടയില്‍ നിന്നും വിഷം കുറച്ചടിച്ച (തമിഴന് മാത്രമുള്ളത്) പച്ചക്കറി, ആദായ വിലക്ക് ഒരു ഡിക്കി നിറയെ വാങ്ങി
തിരികെ കുമളിയിലേക്ക്.


അനുബന്ധം

6 1/2 മണിക്കൂര്‍ മാത്രമേ ആവശ്യമുള്ളൂ. തേക്കടി സന്ദര്‍ശിക്കുമ്പോള്‍ ഇതും പരിഗണിക്കാം.