Showing posts with label Malayalam travel blog. Show all posts
Showing posts with label Malayalam travel blog. Show all posts

Tuesday, July 14, 2015

നേപ്പാള്‍ 5 - ലുംബിനി, ശ്രീബുദ്ധ ജന്മഗേഹം.

രാവിലെ തന്നെ യാത്ര തുടങ്ങണം എന്നാണ് നിര്‍ദ്ദേശം. പ്രഭാതഭക്ഷണത്തിനു ശേഷം പോഖ്രയോട് വിടപറഞ്ഞു.നേരെ ഉള്ള വഴി ഉപേക്ഷിച്ചു സേഥി നദീ തീരത്ത് കൂടിയാണ് യാത്ര. ആ വഴി മോശമായിരിക്കും.

പോഖ്ര ടൌണില്‍ ഗുഹാവാസം നടത്തിയിരുന്ന സേഥി അതുപേക്ഷിച്ചു വിസ്തരിച്ചു ഒഴുകി തുടങ്ങിയിരിക്കുന്നു.പര്‍വത പാര്‍ശ്വത്തില്‍ നിന്നും മലമടക്കുകളിലൂടെ സമതലത്തിലേക്ക് ...











നേപ്പാളിന്റെ പ്രകൃതിയില്‍ 22 ലക്ഷം ഹെക്റെര്‍ വനഭൂമിയുണ്ട്. അതിനിടയില്‍ക്കൂടിയാണ് യാത്ര. രണ്ടു വശവും വനങ്ങള്‍ നിറഞ്ഞ മലകള്‍, നടുവിലായി സേഥി നദി, അതിനോരം ചേര്‍ന്ന് റോഡും.

ജനവാസം തീരേ കുറവ്. ഉള്ള സ്ഥലങ്ങളില്‍ നെല്‍കൃഷി കാണാം. ഇവിടെ നേപ്പാളിന്റെ ആദിമ ഗോത്രങ്ങള്‍ ആണ് കൂടുതല്‍. ഇവര്‍ക്ക് നേപ്പാളി അല്ലാതെ മറ്റു ഭാഷകള്‍ ഒന്നും അറിയില്ല.

നദിയുടെ ചില ഭാഗത്ത് റാഫ്റിങ്ങിനോരുങ്ങുന്ന വിദേശ സഞ്ചാരികള്‍. മനോഹരമായ പ്രകൃതി.  ഒട്ടും മടുപ്പ് തോന്നിക്കാത്ത യാത്ര.

ഏതാണ്ട് 250 കിലോമീറ്ററോളം ഇന്ന് യാത്ര ചെയ്യണം. ഉച്ച ആയിരിക്കുന്നു. വഴിയോരത്തുള്ള ഒരു ഹോട്ടലില്‍ ഞങ്ങളുടെ കിച്ചന്‍ ബോയ്സ് തയാറാക്കിയ ഭക്ഷണം കഴിക്കാന്‍ ഗൈഡ് ഏര്‍പ്പാടാക്കി.

എല്ലാവരും ഇറങ്ങി. അടുത്തുള്ള "മരുന്ന്" കടയില്‍ നിന്നും അരകുപ്പി ഞാനും സുരേഷും അകത്താക്കി. വെജിറ്റബിള്‍ ബിരിയാണി ആണ് ഭക്ഷണം. ഞങ്ങള്‍ക്ക് രണ്ടു മുട്ട പുഴുങ്ങിയത് സ്പെഷ്യല്‍.അതും കഴിച്ചു നാല് ബിയറും വാങ്ങി തിരികെ വണ്ടിയിലേക്ക്.

തീര്‍ത്ഥാടക സംഘം യാത്ര തുടര്‍ന്നു..


 വഴിയരികില്‍ നേപ്പാളി യുവതികളുടെ തിരുവാതിരകളി. ഇത് പല സ്ഥലങ്ങളിലും കണ്ടു. കാര്യം എന്താണ് എന്ന് മനസ്സിലായില്ല.



(Suresh & Me)

ഒരു വയലിനരികിലെ കടയില്‍ നിര്‍ത്തി. മധുരം കൊണ്ട് വായില്‍ വെക്കാന്‍ പറ്റാത്ത കാപ്പി. കുടിച്ചില്ല. പകരം അവിടെയും ലഭ്യമായ "മരുന്ന്" വാങ്ങി സേവിച്ചു. അല്‍പ സമയത്തിനു ശേഷം യാത്ര തുടര്‍ന്നു.




സന്ധ്യ ആകുന്നു.ഉത്തര്‍ പ്രദേശിന്‌ തുല്യമായ ഭൂപ്രകൃതിയുള്ള നേപ്പാളിന്റെ കാര്‍ഷിക മേഘലയിലേക്ക് കടന്നു. ഇവിടെ ഹിന്ദി തുല്യമായ സംസാര ഭാഷയാണ്.

ആറുമണിയോടെ  അതിര്‍ത്തി പട്ടണമായ സുനൌലിയില്‍ എത്തി. ഇവിടെയാണ്‌  ഇന്ന് രാത്രി. ഹോട്ടലില്‍ ചെകിന്‍ ചെയ്തു. ചെറിയ മുറികള്‍. വഴക്കുണ്ടാക്കിയപ്പോള്‍ വേറെ തന്നു. അതും കണക്കാണ്,  പുരാതന കാലത്തെ  A/c, ഭിത്തിയില്‍ വെള്ളം അരിച്ചിറങ്ങുന്നു, സാരമില്ല ഒരു രാത്രിയുടെ കാര്യമല്ലേ, സഹിക്കാം.

കയ്യിലെ ദാഹജലവും പുകക്കുഴലുകളും തീര്‍ന്നിരിക്കുന്നു. വാങ്ങണം. പുറത്തേക്കിറങ്ങി.

പെട്ടു, പാദങ്ങള്‍ താഴ്ന്നുപോകുന്ന തരത്തില്‍  പൊടി. അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന ലോറികള്‍, ഓരോ ലോറിയും  പോകുമ്പോള്‍ പുകയല്ല പൊടിയാണ് ഉയരുന്നത്. പതിനഞ്ചു മിനിട്ടിനുള്ളില്‍ കാര്യങ്ങള്‍ സാധിച്ചു തിരികെ റൂമിലെത്തി.

"ദാഹജലം" കുടിച്ചു അത്താഴവും കഴിച്ചു ഉറങ്ങി.

രാവിലെ ഏഴുമണിക്ക് ഗൈഡ് വന്നു വിളിച്ചു.തയാറായി  ഒന്‍പതു മണിക്ക് ബാഗുകളും എടുത്തു പുറത്തിറങ്ങി. ഇന്നത്തെ പരിപാടി പ്രഖ്യാപിച്ചു. ലോകചരിത്രത്തില്‍ ശ്രീ ബുദ്ധന്റെ ജന്മം കൊണ്ട്  ഇടം പിടിച്ച ലുംബിനി, പിന്നെ തിരികെ ഗോരക്ക്പൂര്‍.

പത്തര ആയപ്പോള്‍ യാത്ര തുടങ്ങി. 20 കിലോമീറ്ററോളം ദൂരം മാത്രമേ ഉള്ളൂ.
ഇന്നലെ വന്ന വഴിയില്‍ തന്നെ അല്പം പോയി ഇടത്തേക്ക് തിരിഞ്ഞു. കുറെ ദൂരം പോയി. അവിടെ ഒരു സ്വാഗത കമാനം.



അവിടെ അടുത്തു തന്നെയാണ് ഗൌതമബുദ്ധ എയര്‍പോര്‍ട്ട്‌. കാട്ട്മണ്ടുവിനെ ലുംബിനിയുമായി ബന്ധിപ്പിക്കുന്ന ചെറുവിമാനങ്ങള്‍ ഇവിടെ നിന്നും സര്‍വീസ് നടത്തുന്നു.

ഏതാണ്ട് അരമണിക്കൂര്‍ കൊണ്ട് ലുംബിനിയുടെ പാര്‍കിംഗ് സ്ഥലത്തെത്തി. 
മൊട്ട വെയില്‍, വരണ്ട കാലാവസ്ഥ, ഉത്തര്‍പ്രദേശിന്റെ തല്സ്വരൂപം.

ഞങ്ങളെ സൈക്കിള്‍ റിക്ഷാക്കാര്‍ വളഞ്ഞു. 250 നേപ്പാള്‍ രൂപയാണ് ചോദിക്കുന്നത്. 200 നു (125inr) സമ്മതിച്ചു. അത് കാര്യമായി. ഏതാണ്ട് 8 ചതുരശ്രകിലോമീറ്റര്‍ സ്ഥലം ആ വെയിലില്‍ നടന്നു കാണാന്‍ പോകുന്ന  കാര്യം ഓര്‍ക്കാന്‍ പോലും വയ്യ.

ഒരു മെലിഞ്ഞ റിക്ഷാവാല, ആദി ശങ്കരന്റെ നാട്ടില്‍ നിന്നും വന്ന ഞങ്ങളെ ശ്രീബുദ്ധന്റെ ജന്മസ്ഥലം കാണിക്കാനായി നീങ്ങി.


പല രാജ്യങ്ങളിലെ ബുദ്ധമത വിശ്വാസികള്‍ നിര്‍മിച്ചു നല്‍കിയ മൊണാസ്ട്രികള്‍  ആണ് ചുറ്റും. ഓരോന്നിനും ഓരോ ഭാവങ്ങള്‍. രൂപങ്ങള്‍...






ഭീമാകരത്തിലുള്ള പ്രാത്ഥനാ ചക്രങ്ങള്‍ ചില മൊണാസ്ട്രികളില്‍ കണ്ടു . ചിലതിനു അടുത്തായി കൃത്രിമ തടാകങ്ങളും 






നടുവിലൂടെ ഒരു കൃത്രിമ  കനാല്‍ ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ ബോട്ടിന്ഗും. വരുന്നവരെ ബോറടിപ്പിക്കതിരിക്കാനാകും.



ഈ കാണുന്ന ശൈശവ ബുദ്ധ പ്രതിമയുടെ അടുത്തുനിന്നും അര കിലോമീറ്റര്‍ നടക്കണം ജന്മസ്ഥലം കാണണമെങ്കില്‍.റിക്ഷകള്‍ പോലും വിടില്ല. 
നല്ല വെയില്‍, ചൂടും. കൂടാതെ ഫോട്ടോ നിഷിദ്ധവും. തിരികെ പാര്‍ക്കിംഗ് സ്ഥലത്തേക്ക് റിക്ഷയില്‍.

റിക്ഷാക്കാരന് 50 രൂപ കൂടുതലായി നല്‍കി സന്തോഷിപ്പിച്ചു വിട്ടു. 
നല്ല വിശപ്പ്‌. വണ്ടിയില്‍ ഉണ്ടായിരുന്ന "മരുന്ന്" അല്പം സേവിച്ചു, ഒരു ചെറിയ കടയില്‍ നിന്നും എഗ്ഗ് നൂഡില്‍സും കഴിച്ചു.

ഒരു മണിക്കൂറിനുള്ളില്‍ എല്ലാ തീര്‍ത്ഥാടകരും എത്തി. യാത്ര തുടര്‍ന്നു. ബോര്‍ഡറില്‍ എത്തി. 
നിസ്സാരമായ പരിശോധനകള്‍, ടൂറിസ്റ്റുകള്‍ ആയതിനാല്‍ ആവാം. അതും കഴിഞ്ഞു നമ്മുടെ സ്വന്തം ഇന്ത്യയിലേക്ക്. 
    

വരുന്ന വഴിയില്‍ ഒരു ചെറിയ ഹോട്ടലില്‍ വച്ച് കിച്ചന്‍ ടീം തയാറാക്കിയ ഉച്ചഭക്ഷണം കഴിച്ചു. വൈകുന്നേരത്തോടെ "ഗോരഖ്പൂര്‍" എത്തി. 


ഗോരഖ്നാഥ് അമ്പലത്തില്‍ ദര്‍ശനവും നടത്തി നേരെ ഹോട്ടലിലേക്ക്.

പിറ്റേന്ന് രാവിലെ ആറരക്കാണ് തീവണ്ടി. 

രണ്ടര ദിവസം നീളുന്ന യാത്രക്ക് വേണ്ട "മരുന്നും" മറ്റുകാര്യങ്ങളും വാങ്ങാന്‍ പുറത്തേക്കിറങ്ങി. ചവറും ചാണകവും പൊടിപടലങ്ങളും നിറഞ്ഞ വഴികള്‍.
നായ്ക്കളും കന്നുകാലികളും മനുഷ്യരും ഒഴുകുന്നു.

പെട്ടന്ന് തന്നെ റൂമില്‍ തിരിച്ചെത്തി. അത്താഴം കഴിച്ചുറങ്ങി. രാവിലെ സ്റെഷനില്‍. കൃത്യസമയത്ത് തന്നെ വണ്ടിപുറപ്പെട്ടു. 

വിസയും പാസ്പോര്‍ട്ടും  ഒന്നുമില്ലാതെ കാണാന്‍ കഴിയുന്ന ആ മനോഹര ഭൂമിയെ ഓര്‍ത്ത്‌ നമ്മുടെ സ്വന്തം കേരളത്തിലേക്ക് ദീര്‍ഘമായ യാത്ര...



നേപ്പാള്‍ 1- മനാക്കമാനാ ദേവിയുടെ സവിധത്തിലേക്കു.

നേപ്പാള്‍ 2 - കാട്ട്മണ്ടു, തലസ്ഥാന നഗരം...

നേപ്പാള്‍ 3 - പൊക്ര, മലമടക്കുകളിലെ സുന്ദരി.

നേപ്പാള്‍ 4 - സാരങ്ങ്കൊട്ട്, "സുപ്രഭാതം നേപ്പാള്‍" 










Thursday, August 28, 2014

നേപ്പാള്‍ 4 - സാരങ്ങ്കൊട്ട്, "സുപ്രഭാതം നേപ്പാള്‍"

രാവിലെ അഞ്ചുമണിക്ക് അനൂപ്‌ കട്ടനുമായി എത്തി വിളിച്ചു.  പുറത്തിറങ്ങി. വാഹനങ്ങള്‍ പോകാന്‍ തയാറായി കിടക്കുന്നു.

അന്നപൂര്‍ണ മലനിരകള്‍ക്കു മുകളിലൂടെ സൂര്യഭഗവാന്‍ ഉദിച്ചുയരുന്ന കാഴ്ച, അതാണു ലക്‌ഷ്യം. ആ കാഴ്ച ഏറ്റവും മനോഹരമായി
കാണാന്‍ കഴിയുന്ന സ്ഥലമാണ് സാരങ്ങ്കൊട്ട്.

അവിടം ലക്ഷ്യമാക്കി വാഹനങ്ങള്‍ നീങ്ങി. ഏതാണ്ട് 13 കിലോമിറ്റര്‍ ആണ് ദൂരം. ഏഴു കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ കുത്തനേയുള്ള കയറ്റം ആരംഭിച്ചു. ഇടയ്ക്കു ഒരു ടോളും. ഒരാള്‍ക്ക് 25 NPR ആണ് ഒരാള്‍ക്ക്‌ സൂര്യോദയം കാണാനുള്ള ഫീസ്‌.

വാഹനം ആ മലയുടെ മുകളില്‍ എത്തി. നിറയെ വാഹനങ്ങള്‍. ഞങ്ങളെ  ഇറക്കി ഡ്രൈവര്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ കൊണ്ടുപോയി.

അല്പം മുകളിലില്‍ ആയി ഒരു ഹെലിപ്പാഡ് പോലെയുള്ള സ്ഥലം. അവിടേക്ക് നടന്നു. അവിടെ പല രാജ്യക്കാരായി ആയിരത്തോളം പേര്‍. എല്ലാവരും സൃഷ്ടാവ് നല്‍കുന്ന ആ മനോഹര കാഴ്ചക്കായി കാത്തിരിക്കുന്നു.

കിഴക്ക് വെള്ള വീശി തുടങ്ങിയിരിക്കുന്നു.


പക്ഷെ, ഇന്ന് സൂര്യോദയത്തിനു പരിപൂര്‍ണതയില്ല. മേഘങ്ങള്‍ ആരോഹണവഴി തടസ്സപ്പെടുത്തിയിരിക്കുന്നു. എങ്കിലും മൂവായിരത്തോളം കിലോമീറ്റര്‍ ദൂരത്തുനിന്നും ഇവിടെ വന്ന എനിക്ക് ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും ദൈവം നല്‍കുന്ന വരം ആയിരിന്നു ആ കാഴ്ച.

പടിഞ്ഞാറായി ദൌളാഗിരി, നടുവിലായി മാച്ചുപുച്ചാരെ അഥവാ ഫിഷ്‌ടെയില്‍  അത് കഴിഞ്ഞു അന്നപൂര്‍ണ.

ഈ മഞ്ഞുപുതച്ച കൊടുമുടികളില്‍ ഊര്‍ജത്തിന്റെ ഉത്ഭവം നല്‍കുന്ന വര്‍ണ്ണ വിസ്മയം അനുഭവിച്ചറിയണം.









അകലെ മഞ്ഞുമലകള്‍ പശ്ചാത്തലമാക്കി പറന്നകലുന്ന ചെറുവിമാനം.

കുറെ സമയം ആ കുളിരും കാഴ്ച്ചകളും ആസ്വദിച്ചു നിന്നു.  താഴെയിറങ്ങി പല്ലുതേക്കാത്ത വായില്‍ ഒരു ചായ ( മധുര കുഴമ്പ്) കുടിച്ചു.


തിരികെ റോഡിലിറങ്ങി. അല്പം അകലെയാണ് വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്തിരിക്കുന്നത്. അങ്ങോട്ട്‌ നടന്നു. താഴ്വാരങ്ങളില്‍ നേപ്പാള്‍ ഗ്രാമങ്ങള്‍.

പണ്ട് കണ്ട വിദേശ കലണ്ടറുകളിലെ പോലെയുള്ള ദൃശ്യങ്ങള്‍.



Santhosh & Me
Rajeev, Suresh & Me

തിരികെ റൂമിലെത്തി. അര മണിക്കൂറിനുള്ളില്‍ റെഡിയായി, പ്രഭാത ഭക്ഷണം ഞങ്ങളെ കാത്തിരിക്കുന്നു. അതും കഴിച്ചു പൊഖ്രയിലെ മറ്റു കാഴ്ചകളിലേക്ക് നീങ്ങി.

ദേവീസ്‌ ഫാള്‍സ്,  ഗൈഡ് പറഞ്ഞപ്പോള്‍ ഏതോ ഹിന്ദുമതവുമായി ബന്ധപ്പെട്ട സ്ഥലം ആയിരിക്കും എന്നാണ് കരുതിയത്‌. പക്ഷെ ചരിത്രം അവിടെ എഴുതിവച്ചിട്ടുണ്ട്‌. 1961ല്‍ ഫെവാ തടാകത്തില്‍ കുളിച്ചുകൊണ്ടിരുന്ന സ്വിറ്റ്സ്വരലണ്ട്കാരന്‍  ഡേവിസ് സായിപ്പിന്റെ ഭാര്യ (Mrs: Davis) പെട്ടെന്നുണ്ടായ ഒരു വെള്ളപ്പൊക്കത്തില്‍ ഇവിടേയ്ക്ക് ഒഴുകി മരണപ്പെട്ടു. അങ്ങനെയാണ് ഇതിനു ആ പേര് വന്നത്.

ഏതാണ്ട് 100 അടിയോളം താഴ്ചയിലേക്ക് വീഴുന്ന ജലപ്രവാഹം 500 അടിയോളം ഭൂമിക്കടിയില്‍ക്കൂടി ഒഴുകി റോഡിനു എതിര്‍വശത്തുള്ള ഗുപ്തെശ്വര്‍  ക്ഷേത്രത്തിനു അരുകില്‍ കൂടി വെളിയില്‍ വരുന്നതാണ് ഈ വെള്ളച്ചാട്ടം.





കുറച്ചു പേര്‍ അങ്ങോട്ട്‌ പോയി. ഞങ്ങള്‍ ചിലര്‍ ഇവിടെയുള്ള കടകളില്‍ സമയം കളഞ്ഞു.

അബദ്ധം പറ്റിയതാണ്. അമ്പലം മാത്രമാണെന്ന് കരുതി. ഈ ഗുഹാമുഖം അവിടെയാണെന്ന് അറിഞ്ഞില്ല. ആരും പറഞ്ഞുമില്ല.


സന്തോഷ്‌ എടുത്ത  ഫോട്ടോകള്‍ ആ സ്ഥലത്തെ കുറിച്ചുള്ള പരിമിതമായ അറിവ് നല്‍കി.






ഇവിടെ നിന്നും പോയത് ഇന്റര്‍ നാഷണല്‍ മൌണ്ടന്‍ മ്യുസിയത്തിലേക്കാണ്.
ലോകത്തിലെ പല കൊടുമുടികള്‍. മലകയറ്റം, അതിനുപയോഗിക്കുന്ന ഉപകരണങ്ങള്‍, മലമുകളില്‍ വസിക്കുന്ന വിവിധ ജനവിഭാഗങ്ങള്‍, മറ്റു ജീവികള്‍ തുടങ്ങി. പര്‍വതങ്ങളെ കുറിച്ചുള്ള ഒരു വിശാലമായ മ്യുസിയം ആണിത്. കുറെ നേരം അതിനുള്ളില്‍ നടന്നു.

ഹിമാലയത്തെ കുറിച്ചുള്ള ഒരു ഡോക്ക്യുമേന്റരിയും കണ്ടു.












അവിടെ നിന്നും പുറത്തിറങ്ങി. ആരും എത്തിയിട്ടില്ല, എല്ലാവരും കാഴ്ച്ചകള്‍ ആസ്വദിക്കുകയാണ്.

പാര്‍ക്കിംഗ് സ്ഥലത്തേക്ക് നടന്നു. പോകുന്ന വഴി മ്യുസിയത്തോട് അനുബന്ധിച്ചുള്ള ഒരു രേസ്റൊരന്റും അതിനു ചേര്‍ന്നു ഒരു ആദ്യകാല ഗൂര്‍ഖ ഭവനവും ഉണ്ട്. അതും കണ്ടു ദാഹവും മാറ്റിയപ്പോഴേക്കും എല്ലാവരും എത്തി.


 അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങി.

തീര്‍ത്ഥാടനം തന്നെ, വിന്ദ്യാവാസിനി ടെമ്പിള്‍. ഇവിടെ എന്താണ് പ്രത്യേകത എന്നോ എന്തിനു വന്നോ എന്നൊന്നും മനസ്സിലായില്ല. ദുര്‍ഗ്ഗ ആണ് പ്രതിഷ്ഠ. കുറെ സമയം അങ്ങനെ പോയി.





ഇവിടെ ഒരു മതപാഠശാലയുണ്ട്. ഭാവിയിലെ പുരോഹിതവര്‍ഗ്ഗം പിന്കുടുമ വച്ച് നില്‍ക്കുന്നു.


അവിടെ നിന്നും പുറപ്പെട്ടു.

ഇങ്ങനെയും ഒരു നദിയോ?..

രണ്ട്‌ മിറ്റര്‍ വീതി. ഇരുപതില്‍പ്പരം മിറ്റര്‍ ആഴം. പാല്‍ നിറത്തില്‍ ഒഴുകുന്ന നദി. ഇതാണ് "സേത്തി".

ഇന്ത്യ,നേപ്പാള്‍, ടിബറ്റ്‌ ഈ രാജ്യങ്ങള്‍ മൂന്നും ചേരുന്നതിനടുത്തുള്ള ഹിമാനിയില്‍ നിന്നും ഉത്ഭവിക്കുന്ന സേത്തി നദി പോഖ്ര യില്‍ എത്തുമ്പോള്‍ പലയിടത്തും ഭൂഗര്‍ഭത്തില്‍ മറയുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യും.

അത്തരം ഒരു സ്ഥലത്തേക്കാണ്‌ പോയത്.






ഇതിനു മുകളില്‍ കൂടി ഒരു അക്വാഡക്ട് ഫെവാ തടാകത്തിലെ വെള്ളം കൊണ്ടുപോകുന്നു. അപൂര്‍വമായ കാഴ്ച.



മണി രണ്ടോളം ആയിരിക്കുന്നു. നല്ല വിശപ്പ്‌. തിരികെ റൂമിലെത്തി. ഭക്ഷണം കഴിച്ചു. കുറെ സമയം വിശ്രമിച്ചു.

വൈകുന്നേരം ഷോപ്പിങ്ങിനു പോകാം എന്നാണ് ഗൈഡ് പറഞ്ഞിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് സമ്മതം.

ഇതിനിടയില്‍ മുപ്പത്തഞ്ചു കിലോമിറ്റര്‍ അകലെയുള്ള  "മഹേന്ദ്ര കേവ്" പുള്ളി ഒഴിവാക്കി.

ഞാനും മറന്നു. ഉച്ചക്ക് കഴിച്ച മരുന്നിന്റെ എഫക്റ്റ്.

വൈകിട്ട് അഞ്ചരയോടെ ഒരു സിറ്റി റോഡില്‍ എല്ലാവരെയും വിട്ടു. അവിടെ പാര്‍ക്കിംഗ് ഇല്ലാത്തതിനാല്‍ എഴരക്ക്‌ വാഹനങ്ങള്‍ വരാന്‍ പറഞ്ഞു. ഗൈഡ് എങ്ങോട്ടോ പോയി.

അവിടെ മുഴുവന്‍ തുണിക്കടകള്‍ മാത്രം. വിലയോ ഇരട്ടിയിലേറെ. കാരണം അവിടെ വസ്ത്രങ്ങള്‍ എല്ലാം ഇന്ത്യയില്‍ നിന്നാണ് വരുന്നത്.

ഒരു മണിക്കൂറോളം കറങ്ങി തിരികെ വന്നപ്പോള്‍ അന്‍പതു രൂപയ്ക്കു സാരി വാങ്ങാം എന്ന് കരുതിയ വനിതാ സംഘം വണ്ടി വരാന്‍ കാത്തു നില്‍ക്കുന്നു.

പിന്നെ അവരുടെ കാര്യം ഗൈഡിനെ അറിയിച്ചു. ഞങ്ങള്‍ നടന്നു.

അല്പം ദൂരെ ഒരു നേപ്പാളി തട്ടുകട. അവിടെ കയറി. മങ്ങിയ വെളിച്ചം മാത്രം. കുറെ പേര്‍ അവിടെ ഇരിപ്പുണ്ട്. ഒരു സ്ത്രീയാണ് കടയുടമ. അവര്‍ക്ക് നേപ്പാളി ഭാഷ മാത്രം അറിയാം.

എങ്കില്‍ ആദിമ ഭാഷ ഉപയോഗിക്കാന്‍ തീരുമാനിച്ചു.

അധികം ഉപയോഗിക്കേണ്ടി വന്നില്ല. അപ്പോഴേക്കും ഞങ്ങളെപ്പോലെ മാത്രം ഹിന്ദി അറിയുന്ന ഒരു സഹോദരന്‍ വന്നു. രക്ഷപെട്ടു.

പോര്‍ക്കിട്ട നൂഡില്‍സ്,  ബീഫ് മോമോ. ഉഗ്രന്‍ ലോക്കല്‍ സോസും. കുടിക്കാന്‍ നാടന്‍ കള്ളും ഒരു കുപ്പി കൊണ്ടുവച്ചു.

ടെസ്റ്റ്‌ ചെയ്തത് കാര്യമായി. ഇല്ലെങ്കില്‍ രാജവായേനെ( വാള് വെച്ചേനെ).

ഒരു മാതിരി കഞ്ഞിവെള്ളം. പിന്നെയറിഞ്ഞു അത് കഞ്ഞിവെള്ളം തന്നെയാണ് ഈസ്റിട്ട് പുളിപ്പിക്കുന്നത്,

എതിര്‍വശത്ത് കൂടി ഗൈഡ് സഹോദരന്‍ പോകുന്നു. കൂകി വിളിച്ചു, പുള്ളി അവിടെയുള്ള SBI യില്‍ പോയതാണ്, ഭാര്യക്ക് പണം അയക്കാന്‍. അതിനാണ് ഞങ്ങളെ ഇവിടെ തള്ളിയത്. പക്ഷെ പറ്റിയില്ല, പാസ്പോര്‍ട്ട് വേണം. രാജ്യം മാറിയത് ഓര്‍ത്തില്ല പാവം.

യഥാര്‍ത്ഥത്തില്‍ പോകേണ്ടത് പ്രാദേശിക മാര്‍കെറ്റില്‍ ആയിരിന്നു.

എട്ടര ആയപ്പോള്‍ തിരികെ ഹോട്ടെലില്‍ എത്തി. നാളെ പൂര്‍ണമായും യാത്രയാണ്. അതിര്‍ത്തി സുനോലിയിലേക്ക്. അവിടെ അടുത്താണ് ബുദ്ധന്റെ ജന്മസ്ഥലം "ലുംബിനി"

വൈകിട്ടത്തെ സ്ഥിരം ചടങ്ങുകള്‍ കഴിഞ്ഞു ഉറങ്ങി.

ലുംബിനി അടുത്തതില്‍....



നേപ്പാള്‍ 1- മനാക്കമാനാ ദേവിയുടെ സവിധത്തിലേക്കു.

നേപ്പാള്‍ 2 - കാട്ട്മണ്ടു, തലസ്ഥാന നഗരം...

നേപ്പാള്‍ 3 - പൊക്ര, മലമടക്കുകളിലെ സുന്ദരി.