പോഖ്ര ടൌണില്‍ ഗുഹാവാസം നടത്തിയിരുന്ന സേഥി അതുപേക്ഷിച്ചു വിസ്തരിച്ചു ഒഴുകി തുടങ്ങിയിരിക്കുന്നു.പര്‍വത പാര്‍ശ്വത്തില്‍ നിന്നും മലമടക്കുകളിലൂടെ സമതലത്തിലേക്ക് ...

നേപ്പാളിന്റെ പ്രകൃതിയില്‍ 22 ലക്ഷം ഹെക്റെര്‍ വനഭൂമിയുണ്ട്. അതിനിടയില്‍ക്കൂടിയാണ് യാത്ര. രണ്ടു വശവും വനങ്ങള്‍ നിറഞ്ഞ മലകള്‍, നടുവിലായി സേഥി നദി, അതിനോരം ചേര്‍ന്ന് റോഡും.
ജനവാസം തീരേ കുറവ്. ഉള്ള സ്ഥലങ്ങളില്‍ നെല്‍കൃഷി കാണാം. ഇവിടെ നേപ്പാളിന്റെ ആദിമ ഗോത്രങ്ങള്‍ ആണ് കൂടുതല്‍. ഇവര്‍ക്ക് നേപ്പാളി അല്ലാതെ മറ്റു ഭാഷകള്‍ ഒന്നും അറിയില്ല.
നദിയുടെ ചില ഭാഗത്ത് റാഫ്റിങ്ങിനോരുങ്ങുന്ന വിദേശ സഞ്ചാരികള്‍. മനോഹരമായ പ്രകൃതി. ഒട്ടും മടുപ്പ് തോന്നിക്കാത്ത യാത്ര.
ഏതാണ്ട് 250 കിലോമീറ്ററോളം ഇന്ന് യാത്ര ചെയ്യണം. ഉച്ച ആയിരിക്കുന്നു. വഴിയോരത്തുള്ള ഒരു ഹോട്ടലില്‍ ഞങ്ങളുടെ കിച്ചന് ബോയ്സ് തയാറാക്കിയ ഭക്ഷണം കഴിക്കാന്‍ ഗൈഡ് ഏര്‍പ്പാടാക്കി.
എല്ലാവരും ഇറങ്ങി. അടുത്തുള്ള "മരുന്ന്" കടയില്‍ നിന്നും അരകുപ്പി ഞാനും സുരേഷും അകത്താക്കി. വെജിറ്റബിള്‍ ബിരിയാണി ആണ് ഭക്ഷണം. ഞങ്ങള്‍ക്ക് രണ്ടു മുട്ട പുഴുങ്ങിയത് സ്പെഷ്യല്‍.അതും കഴിച്ചു നാല് ബിയറും വാങ്ങി തിരികെ വണ്ടിയിലേക്ക്.
തീര്‍ത്ഥാടക സംഘം യാത്ര തുടര്‍ന്നു..
വഴിയരികില്‍ നേപ്പാളി യുവതികളുടെ തിരുവാതിരകളി. ഇത് പല സ്ഥലങ്ങളിലും കണ്ടു. കാര്യം എന്താണ് എന്ന് മനസ്സിലായില്ല.
(Suresh & Me)
ഒരു വയലിനരികിലെ കടയില്‍ നിര്‍ത്തി. മധുരം കൊണ്ട് വായില്‍ വെക്കാന്‍ പറ്റാത്ത കാപ്പി. കുടിച്ചില്ല. പകരം അവിടെയും ലഭ്യമായ "മരുന്ന്" വാങ്ങി സേവിച്ചു. അല്പ സമയത്തിനു ശേഷം യാത്ര തുടര്‍ന്നു.
സന്ധ്യ ആകുന്നു.ഉത്തര്‍ പ്രദേശിന് തുല്യമായ ഭൂപ്രകൃതിയുള്ള നേപ്പാളിന്റെ കാര്‍ഷിക മേഘലയിലേക്ക് കടന്നു. ഇവിടെ ഹിന്ദി തുല്യമായ സംസാര ഭാഷയാണ്.
ആറുമണിയോടെ അതിര്‍ത്തി പട്ടണമായ സുനൌലിയില് എത്തി. ഇവിടെയാണ് ഇന്ന് രാത്രി. ഹോട്ടലില്‍ ചെകിന് ചെയ്തു. ചെറിയ മുറികള്‍. വഴക്കുണ്ടാക്കിയപ്പോള്‍ വേറെ തന്നു. അതും കണക്കാണ്, പുരാതന കാലത്തെ A/c, ഭിത്തിയില്‍ വെള്ളം അരിച്ചിറങ്ങുന്നു, സാരമില്ല ഒരു രാത്രിയുടെ കാര്യമല്ലേ, സഹിക്കാം.
കയ്യിലെ ദാഹജലവും പുകക്കുഴലുകളും തീര്‍ന്നിരിക്കുന്നു. വാങ്ങണം. പുറത്തേക്കിറങ്ങി.
പെട്ടു, പാദങ്ങള്‍ താഴ്ന്നുപോകുന്ന തരത്തില്‍ പൊടി. അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന ലോറികള്‍, ഓരോ ലോറിയും പോകുമ്പോള്‍ പുകയല്ല പൊടിയാണ് ഉയരുന്നത്. പതിനഞ്ചു മിനിട്ടിനുള്ളില്‍ കാര്യങ്ങള്‍ സാധിച്ചു തിരികെ റൂമിലെത്തി.
"ദാഹജലം" കുടിച്ചു അത്താഴവും കഴിച്ചു ഉറങ്ങി.
രാവിലെ ഏഴുമണിക്ക് ഗൈഡ് വന്നു വിളിച്ചു.തയാറായി ഒന്‍പതു മണിക്ക് ബാഗുകളും എടുത്തു പുറത്തിറങ്ങി. ഇന്നത്തെ പരിപാടി പ്രഖ്യാപിച്ചു. ലോകചരിത്രത്തില്‍ ശ്രീ ബുദ്ധന്റെ ജന്മം കൊണ്ട് ഇടം പിടിച്ച ലുംബിനി, പിന്നെ തിരികെ ഗോരക്ക്പൂര്‍.
പത്തര ആയപ്പോള്‍ യാത്ര തുടങ്ങി. 20 കിലോമീറ്ററോളം ദൂരം മാത്രമേ ഉള്ളൂ.
ഇന്നലെ വന്ന വഴിയില്‍ തന്നെ അല്പം പോയി ഇടത്തേക്ക് തിരിഞ്ഞു. കുറെ ദൂരം പോയി. അവിടെ ഒരു സ്വാഗത കമാനം.
അവിടെ അടുത്തു തന്നെയാണ് ഗൌതമബുദ്ധ എയര്‍പോര്‍ട്ട്. കാട്ട്മണ്ടുവിനെ ലുംബിനിയുമായി ബന്ധിപ്പിക്കുന്ന ചെറുവിമാനങ്ങള്‍ ഇവിടെ നിന്നും സര്‍വീസ് നടത്തുന്നു.
ഏതാണ്ട് അരമണിക്കൂര്‍ കൊണ്ട് ലുംബിനിയുടെ പാര്‍കിംഗ് സ്ഥലത്തെത്തി.
മൊട്ട വെയില്, വരണ്ട കാലാവസ്ഥ, ഉത്തര്‍പ്രദേശിന്റെ തല്സ്വരൂപം.
ഞങ്ങളെ സൈക്കിള്‍ റിക്ഷാക്കാര്‍ വളഞ്ഞു. 250 നേപ്പാള്‍ രൂപയാണ് ചോദിക്കുന്നത്. 200 നു (125inr) സമ്മതിച്ചു. അത് കാര്യമായി. ഏതാണ്ട് 8 ചതുരശ്രകിലോമീറ്റര്‍ സ്ഥലം ആ വെയിലില്‍ നടന്നു കാണാന്‍ പോകുന്ന കാര്യം ഓര്‍ക്കാന്‍ പോലും വയ്യ.
ഒരു മെലിഞ്ഞ റിക്ഷാവാല, ആദി ശങ്കരന്റെ നാട്ടില്‍ നിന്നും വന്ന ഞങ്ങളെ ശ്രീബുദ്ധന്റെ ജന്മസ്ഥലം കാണിക്കാനായി നീങ്ങി.
പല രാജ്യങ്ങളിലെ ബുദ്ധമത വിശ്വാസികള്‍ നിര്‍മിച്ചു നല്കിയ മൊണാസ്ട്രികള്‍ ആണ് ചുറ്റും. ഓരോന്നിനും ഓരോ ഭാവങ്ങള്‍. രൂപങ്ങള്‍...
ഭീമാകരത്തിലുള്ള പ്രാത്ഥനാ ചക്രങ്ങള്‍ ചില മൊണാസ്ട്രികളില്‍ കണ്ടു . ചിലതിനു അടുത്തായി കൃത്രിമ തടാകങ്ങളും
നടുവിലൂടെ ഒരു കൃത്രിമ കനാല്‍ ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ ബോട്ടിന്ഗും. വരുന്നവരെ ബോറടിപ്പിക്കതിരിക്കാനാകും.
ഈ കാണുന്ന ശൈശവ ബുദ്ധ പ്രതിമയുടെ അടുത്തുനിന്നും അര കിലോമീറ്റര്‍ നടക്കണം ജന്മസ്ഥലം കാണണമെങ്കില്‍.റിക്ഷകള്‍ പോലും വിടില്ല.
നല്ല വെയില്, ചൂടും. കൂടാതെ ഫോട്ടോ നിഷിദ്ധവും. തിരികെ പാര്‍ക്കിംഗ് സ്ഥലത്തേക്ക് റിക്ഷയില്‍.
റിക്ഷാക്കാരന് 50 രൂപ കൂടുതലായി നല്കി സന്തോഷിപ്പിച്ചു വിട്ടു.
നല്ല വിശപ്പ്. വണ്ടിയില്‍ ഉണ്ടായിരുന്ന "മരുന്ന്" അല്പം സേവിച്ചു, ഒരു ചെറിയ കടയില്‍ നിന്നും എഗ്ഗ് നൂഡില്‍സും കഴിച്ചു.
ഒരു മണിക്കൂറിനുള്ളില്‍ എല്ലാ തീര്‍ത്ഥാടകരും എത്തി. യാത്ര തുടര്‍ന്നു. ബോര്ഡറില് എത്തി.
നിസ്സാരമായ പരിശോധനകള്‍, ടൂറിസ്റ്റുകള്‍ ആയതിനാല്‍ ആവാം. അതും കഴിഞ്ഞു നമ്മുടെ സ്വന്തം ഇന്ത്യയിലേക്ക്.
വരുന്ന വഴിയില്‍ ഒരു ചെറിയ ഹോട്ടലില്‍ വച്ച് കിച്ചന് ടീം തയാറാക്കിയ ഉച്ചഭക്ഷണം കഴിച്ചു. വൈകുന്നേരത്തോടെ "ഗോരഖ്പൂര്‍" എത്തി.
ഗോരഖ്നാഥ് അമ്പലത്തില്‍ ദര്‍ശനവും നടത്തി നേരെ ഹോട്ടലിലേക്ക്.
പിറ്റേന്ന് രാവിലെ ആറരക്കാണ് തീവണ്ടി.
രണ്ടര ദിവസം നീളുന്ന യാത്രക്ക് വേണ്ട "മരുന്നും" മറ്റുകാര്യങ്ങളും വാങ്ങാന്‍ പുറത്തേക്കിറങ്ങി. ചവറും ചാണകവും പൊടിപടലങ്ങളും നിറഞ്ഞ വഴികള്‍.
നായ്ക്കളും കന്നുകാലികളും മനുഷ്യരും ഒഴുകുന്നു.
പെട്ടന്ന് തന്നെ റൂമില്‍ തിരിച്ചെത്തി. അത്താഴം കഴിച്ചുറങ്ങി. രാവിലെ സ്റെഷനില്. കൃത്യസമയത്ത് തന്നെ വണ്ടിപുറപ്പെട്ടു.
വിസയും പാസ്പോര്‍ട്ടും ഒന്നുമില്ലാതെ കാണാന്‍ കഴിയുന്ന ആ മനോഹര ഭൂമിയെ ഓര്‍ത്ത് നമ്മുടെ സ്വന്തം കേരളത്തിലേക്ക് ദീര്‍ഘമായ യാത്ര...
നേപ്പാള്‍ 2 - കാട്ട്മണ്ടു, തലസ്ഥാന നഗരം...
നേപ്പാള്‍ 3 - പൊക്ര, മലമടക്കുകളിലെ സുന്ദരി.
നേപ്പാള്‍ 4 - സാരങ്ങ്കൊട്ട്, "സുപ്രഭാതം നേപ്പാള്‍"




























