Wednesday, April 30, 2014

രാമക്കല്‍മേട്,ചെല്ലാര്‍കോവില്‍,ഒട്ടകതലമേട് - സഹ്യ സൌന്ദര്യം

നിങ്ങള്‍ കുമളിയില്‍ നിന്നും മൂന്നാറിനോ അതോ തിരിച്ചോ യാത്ര ചെയ്യുമ്പോള്‍ യാത്രാപഥത്തില്‍ അല്പം മാറ്റം വരുത്തിയാല്‍ സന്ദര്‍ശിക്കാവുന്ന മൂന്നു സുന്ദരമായ സ്ഥലങ്ങളെ കുറിച്ചാണ് ഈ കുറിപ്പ്.


കുമിളി - മുന്നാര്‍ ഹൈവേയിലൂടെ രാവിലെ 8 മണിയോടെ യാത്ര ആരംഭിച്ചു. ഏതാണ്ട് 9 കിലോ മീറ്റര്‍ കഴിഞ്ഞപ്പോള്‍ ഇടത്തോട്ട് തിരിഞ്ഞു 2 കിലോമീറ്റര്‍ കുത്തനെയുള്ള കയറ്റം. പക്ഷേ ഗതാഗത യോഗ്യമാണ്. മുകളില്‍ ചെന്നാല്‍ നല്ല ഒരു വ്യൂ പോയിന്റ്‌. ഒട്ടകതല മേട് .
ഇവിടെ നിന്നാല്‍ താഴെക്കുടെ പോകുന്ന ഹൈവേയുടെയും, ചുറ്റുമുള്ള മലനിരകളുടെയും മനോഹര ദൃശ്യങ്ങള്‍. 





നല്ല തണുത്ത ശുദ്ധമായ വായു. പുകപോലെ ഉയരുന്ന കോടമഞ്ഞ്‌.

അര മണിക്കൂര്‍ ചിലവഴിച്ചു. തിരികെ മെയിന്‍ റോഡില്‍ ഇറങ്ങി ഇടത്തേക്ക് തിരിഞ്ഞു 2 കിലോമീറ്റര്‍ സഞ്ചരിച്ചു അണക്കര എത്തി വലത്തേക്ക് തിരിഞ്ഞു ചെല്ലാര്‍ കോവില്‍ വ്യൂ പോയിന്റിലേക്ക്.

അവിടെ എത്തുന്നതിനു മുന്പായി വലത്തോട്ട് 1 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ "സുരങ്ങനാറു" വെള്ളച്ചാട്ടത്തിന്റെ അരികില്‍ എത്താം. വഴി മോശമായതിനാല്‍ ആ പരിപാടി ഉപേക്ഷിച്ചു.


വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യം തന്നെ മനോഹരമായിരിന്നു. ഏതാണ്ട് 300 മീറ്റര്‍ താഴ്ചയിലേക്ക് പതിക്കുന്ന ഇത് ഒരു ആത്മഹത്യാ കേന്ദ്രം കൂടി ആണ്.

സമുദ്ര നിരപ്പില്‍ നിന്നും 3250 അടി ഉയരത്തിലുള്ള ചെല്ലാര്‍ കോവിലില്‍ നിന്നുള്ള കാഴ്ച വിമാനത്തില്‍ നിന്നും താഴേക്ക്‌ നോക്കുന്നത് പോലെയാണ്. തമിഴ്നാടിന്റെ കൃഷിയിടങ്ങളും റോഡുകളും ദൂരെയായി ഒരു തടാകവും ഗൂടല്ലൂര്‍ പട്ടണവും.






അവിടെ നിന്നും പുറപ്പെട്ടു, ഏലവും കാപ്പിയും കുരുമുളകും ഇരു വശവും തിങ്ങിനിറഞ്ഞ വഴികളിലൂടെ. ഇടയ്ക്കു നെല്ല്കൃഷിയും. കംബംമെട്ടു ജങ്ക്ഷനില്‍ എത്തി. ഇവിടെ നിന്നു വലത്തോട്ട് പോയാല്‍ കംബതെത്തും. ഞങ്ങള്‍ നേരെ "ബാലന്‍ പിള്ള സിറ്റി " വഴി രാമക്കല്‍മെട്ടിലേക്ക്.

രാമായണ കാലഘട്ടത്തില്‍ ശ്രീരാമന്‍ സീതയെ അന്വേഷിച്ചു ഇവിടെ വന്നു എന്നും "സീതാ നീ എവിടെ" എന്ന് ഉറക്കെ ചോദിച്ചുവെന്നും ഐതിഹ്യം.

രാമപാദങ്ങള്‍ പതിഞ്ഞതിനാലാണ് ഇവിടം രാമക്കല്‍മേട്‌ എന്നറിയപ്പെടുന്നത്.
രാമന്‍ ഇവിടെ നിന്നാണ് ലങ്കക്ക് ചിറ കെട്ടേണ്ട സ്ഥലം തീരുമാനിച്ചത് എന്നും പറയുന്നു.

ഏതാണ്ട് 3500 അടി ഉയരത്തിലുള്ള ഇവിടം കേരളവും തമിഴ്നാടും പങ്കിട്ടെടുക്കുന്നു. സംസ്ഥാന അതിര്‍ത്തികള്‍ നിര്നയിച്ചപ്പോള്‍ ഇത് പോലെയുള്ള സ്ഥലങ്ങള്‍ വെള്ളമൊഴുക്ക് അടിസ്ഥാനമാക്കിയാണ് നിര്‍ണയിച്ചത്. അതായത്, മഴ പെയ്യുമ്പോള്‍ കേരളത്തിലേക്ക് ഒഴുകുന്നിടം കേരളത്തിനും തമിഴ്നാട്ടിലെക്കാനെങ്കില്‍ അവര്‍ക്കും.

ഞങ്ങള്‍ നേരെ കേരള ഭാഗത്തേക്ക്‌ വണ്ടി തിരിച്ചു. ഇവിടെ ഏറ്റവും മുകളില്‍ വരെ വാഹനങ്ങള്‍ ചെല്ലും.
ആര്‍ടിസ്റ്റ് ജിനനന്‍ രൂപകല്‍പന ചെയ്ത "കുറവന്‍ കുറത്തി" പ്രതിമയാണ് പ്രധാന ആകര്‍ഷണം.



ഇരുന്നു വിശ്രമിക്കാനുള്ള ബഞ്ചുകളും ഒരുക്കിയിട്ടുണ്ട്.


എല്ലാ കാലത്തും ശക്തമായ കാറ്റടിക്കുന്ന കേരളത്തിലെ രണ്ടാമത്തെ സ്ഥലമായ ഇവിടെ ഇരിക്കുക സുഖകരമാണ്. താഴേക്കു ചരിഞ്ഞു പോകുന്ന പുല്‍മേടുകളും, ദൂരെ കാണുന്ന തമിഴ്നാടിന്റെ കൃഷി ഭൂമികളും. സുന്ദരാനുഭൂതികള്‍ നല്‍കുന്നു.



ദൂരെയായി രാമക്കല്‍മെടിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗവും കാണാം. ഇവിടം തമിഴ്നാടിന്റെ ഭാഗമാണ്.
അല്‍പനേരം ഇവിടെ ഇരിന്നു. അതിനു ശേഷം മരുഭാഗതെക്ക് പോകാന്‍ താഴേക്കിറങ്ങി. അവിടേക്ക് ഏതാണ്ട് 700 മീറ്ററോളം നടന്നു വേണം പോകാന്‍.
ഈറ്റക്കാടുകളും കുത്തനെയുള്ള കയറ്റവും. ആരും തളര്‍ന്നു പോകും.





മുകളിലെത്തിയാല്‍ നല്ല കാറ്റും മനോഹര ദൃശ്യങ്ങളും.







അല്‍പസമയം വിശ്രമിച്ചിട്ട് താഴേക്കു വന്നു. ഞങ്ങള്‍ തിരികെ കുമിളിക്കാണ്.
മൂന്നാറിന് പോകണ്ടവ്ര്‍ക്ക് തൂക്കുപാലം നെടുങ്കണ്ടം വഴി പോകാം.
കമ്പം മെട്ടു വന്നു കമ്പത്തിറങ്ങി


കമ്പത്തെ മുന്തിരി തോട്ടത്തില്‍ നിന്നു 20 രൂപാ നിരക്കില്‍ മുന്തിരി വാങ്ങി




ഗൂടല്ലുരിലെ പച്ചക്കറിക്കടയില്‍ നിന്നും വിഷം കുറച്ചടിച്ച (തമിഴന് മാത്രമുള്ളത്) പച്ചക്കറി, ആദായ വിലക്ക് ഒരു ഡിക്കി നിറയെ വാങ്ങി
തിരികെ കുമളിയിലേക്ക്.


അനുബന്ധം

6 1/2 മണിക്കൂര്‍ മാത്രമേ ആവശ്യമുള്ളൂ. തേക്കടി സന്ദര്‍ശിക്കുമ്പോള്‍ ഇതും പരിഗണിക്കാം.















Sunday, April 27, 2014

മംഗളാദേവി - കാനനത്തിലെ കണ്ണകി

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സാധാരണക്കാരന് പ്രവേശനം ഉള്ള (DFO യുടെ പെര്‍മിഷന്‍ ഉണ്ടെങ്കില്‍ അല്ലാതെയും) മംഗളാദേവി ക്ഷേത്രം സന്ദര്‍ശിക്കണം എന്നുള്ളത് അടങ്ങാത്ത ആഗ്രഹം ആയിരിന്നു.

2000 വര്ഷം മുന്‍പ് ചേരന്‍ ചെങ്കുട്ടവന്‍ എന്ന തമിള്‍ ചക്രവര്ത്തി പണിത ഈ ക്ഷേത്രം ചിലപ്പതികാരത്തില്‍ പറയുന്ന കണ്ണകിയെ ദേവിയായി പ്രതിഷ്ടിച്ചതാണെന്ന് പറയുന്നു.

സ്വന്തം ഭര്‍ത്താവിനെ കള്ളനാക്കി തലയരിഞ്ഞ മധുരയെ മുല പറിച്ചെറിഞ്ഞു കത്തിച്ച കണ്ണകി സുരുളി മലമുകളില്‍ വച്ച് സ്വര്‍ഗ്ഗാരോഹണം നടത്തിയത് അറിഞ്ഞു നിര്മിച്ചതാണീ ക്ഷേത്രം എന്നു ഐതിഹ്യം.

ചിത്ര പൌര്‍ണമി നാളില്‍ (ഏപ്രില്‍ -മേയ് മാസങ്ങളില്‍ വരും. 2014 ല്‍ മേയ് 14നു)  ആണ് പ്രവേശനം.തേനി, ഇടുക്കി കളക്ടര്‍മാരുടെ നേതൃത്വത്തില്‍‍ ഏതാണ്ട് 2000 പോലീസും മറ്റു ഡിപ്പാര്‍റ്റുമേന്റുകളും ചേര്‍ന്നാണ് ഈ ഉത്സവം ഇവിടെ നടത്തുന്നത്.

ഞങ്ങള്‍ രാവിലെ 11 മണിയോടെ കുമളില്‍ എത്തി. കാര്‍ പാര്‍ക്ക് ചെയ്തു
ജീപ്പില്‍ പോകാന്‍ ടോകന്‍ എടുത്തു. കുമളിയില്‍ നിന്നുംt തേക്കടിക്ക് പോകുന്ന വഴി അല്പം മുന്‍പോട്ടു പോയി ഇടത്തോട്ടു തിരിഞ്ഞു ജനവാസ കേന്ദ്രങ്ങളെ പിന്നിട്ടു വനത്തിലേക്ക് പ്രവേശിച്ചു.

ഇവിടെ ചെക്ക് പോസ്റ്റ്‌ ഉണ്ട്. മദ്യം, സിഗരറ്റ്, പ്ലാസ്റിക് ഒന്നും അനുവദനീയമല്ല. വെളിയില്‍ ഇറക്കി ഒരോത്തരേയും പരിശോധിക്കും.

ഒരു ബുദ്ധിപൂര്‍വമായ നീക്കം നടത്തി. വിജയിച്ചു.

സിഗരറ്റും ലൈറ്ററും ഡ്രൈവറുടെ കുണ്ടി കീഴില്‍. മിക്സ്‌ ചെയ്ത വോഡ്ക ഡ്രൈവറുടെ വലതുവശത്തും. വെളിയിലിറങ്ങി, അവിടെ നൂറുകണക്കിന് പാകെറ്റ് സിഗരറ്റ് , തീപ്പെട്ടി,പ്ലാസ്റിക് ബാഗുകളും കുപ്പികളും.
മദ്യവും കാണും. ഫോറസ്റ്റ്‌കാരുടെ ഒരു യോഗമേ...

ഇടതൂര്‍ന്ന വനങ്ങളല്ല.  സഹ്യന്റെ അതിരല്ലേ. ഇടയ്ക്കു മുല്ലപ്പെരിയാര്‍ ഡാമിന്റെ വെള്ളമില്ലാത്ത പ്രദേശങ്ങളും കാണാം. ജീപ്പ് കാനന വഴികളിലൂടെ മുന്നോട്ട്..


ഏകദേശം 300 ജീപ്പുകളാണ് ഇവിടെ ട്രിപ്പ്‌ അടിക്കുന്നത്. എല്ലാം 4 വീല്‍ വണ്ടികള്‍. വാഹനത്തില്‍ അല്ലാതെ 14 കിലോമീറ്ററും നടന്നു പോകുന്നവരെയും കാണാം.

മൊട്ട കുന്നുകളിലേക്ക്‌ പ്രവേശിച്ചു.ജീപ്പ് പറപ്പിക്കുകയാണ്. ആരും ദൈവത്തെ വിളിച്ചു പോകും. കാരണം ഒന്ന് മറിഞ്ഞാല്‍ കുറഞ്ഞത്‌ 1000 അടി താഴത് നിന്നു ബോഡി വേസ്റ്റ് വാരിക്കൂട്ടാം. പോസ്റുമോര്ടം ചെയ്യുന്ന ഡോക്ടര്‍ക്ക് വളരെ എളുപ്പം.





ഈ ഭാഗത്ത്‌ ഓരോ 250 മീറ്റ്റിലും പോലീസ് സാനിധ്യമുണ്ട്. കഷ്ടമാണ് അവരുടെ കാര്യം. പൊരി വെയിലത്ത്‌ രാവിലെ 5 മണി മുതല്‍.

മലമുകളില്‍, മംഗളാദേവിയില്‍ എത്തിച്ചേര്‍ന്നു. ഭാഗ്യം ജീവനോടെയുണ്ട്. തിരിച്ചു പോകുന്ന കാര്യം ഓര്‍ത്തപോള്‍ തന്നെ ഒരു വിറയല്‍.

സമുദ്ര നിരപ്പില്‍ നിന്നും 1337 മീറ്റര്‍ ഉയരത്തില്‍ സഹ്യന്റെ കിഴക്കേ അതിരില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നും കാലുതെറ്റി പോയാല്‍ തമിഴ്നാടില്‍ നിന്നും തിരകെ വരാം (വാരി കൊണ്ടുവരാം).

തകര്‍ന്നു കിടക്കുന്ന ഒരു ക്ഷേത്രം. കണ്ണകി പ്രധാന പ്രതിഷ്ട. ഗണപതി ഉള്‍പ്പടെ മറ്റു ഉപദേവതകളുമുണ്ട്. ചിന്തിക്കേണ്ട കാര്യം അതൊന്നുമല്ല. ഇത്രയും വലിയ, കരിങ്കല്ലില്‍ ഉള്ള നിര്‍മിതി ആ കാലഘട്ടത്തില്‍ എങ്ങനെ നടത്തി എന്നുള്ളതാണ്.



തേക്കടി തടാകത്തിന്റെ ദൂര കാഴ്ച വളരെ മനോഹരമാണ്.


സൌജന്യ ഭക്ഷണ വിതരണം ധാരാളമായുണ്ട്. തമിഴരാണ്‌ നേര്‍ച്ചയായി നടത്തുന്നത്. അതിന്റെ എല്ലാ അവശിഷ്ടങ്ങളും അന്ന് തന്നെ മാറ്റിയിരിക്കും.


Reji and Lalaji


3 മണിയോടെ ഞങ്ങള്‍ തിരിച്ചു കുമളിയിലേക്ക് പുറപ്പെട്ടു. കാരണം മറ്റൊന്നുമല്ല , വേനല്‍ മഴയുടെ കൂടെയുള്ള ഇടി.


"ഏറിയാല്‍ 80" എന്ന് സങ്കീര്‍ത്തനം 90 ല്‍ പറയുന്നത് പോലെ. നമുക്ക് പരമാവധി 40 അവസരങ്ങളെ ഉള്ളൂ.
അതിനുംമുന്പായി ഇത് പോലെ ഉള്ള സ്ഥലങ്ങള്‍ തീര്‍ച്ചയായും കാണണം.

അനുബന്ധം

ഇളം നിറമുള്ള വസ്ത്രങ്ങള്‍ ഇട്ടുകൊണ്ട്‌ പോകരുത്. പോയാല്‍ കാവി വസ്ത്രമായി ഉപയോഗിക്കാം 








ഹൊഗനക്കല്‍ - പുകയുന്ന പാറകൾ

രാത്രി 7 മണിയോടെ ചെങ്ങന്നൂരില്‍  നിന്നും യെശ്വന്ത്പൂരിനുള്ള ഗരീബ് രധില്‍ യാത്ര ആരഭിച്ചു. A/C ട്രെയിന്‍ ആണെങ്കിലും ഗരീബില്‍ ചാര്‍ജു കുറവാണ്. ബ്ലാന്കെറ്റ് സൌജന്യമായി ലഭിക്കില്ല 25 രൂപ നല്‍കണം. രാവിലെ 6 മണിയോടെ ധര്‍മപുരി സ്റെഷനില്‍ ഇറങ്ങി.
ഒരു ഓട്ടോ പിടിച്ചു 1 കിലോമീറ്റര്‍ അകലെയുള്ള ബസ് സ്റാന്റിലേക്ക് പോയി. അര മണിക്കൂര്‍ ഇടവേളകളില്‍ ഇവിടെ നിന്നും ഹൊഗനക്കല്ലിലേക്ക് ബസ്സുണ്ട്. 46 km ആണ് ദൂരം. ഏതാണ്ട് 9 മണിയോടെ എത്തിച്ചേര്‍ന്നു.

ചെറിയ ഒരു പട്ടണം.മൂന്നു നാലു ലോഡ്ജുകളും ഹോടെലുകളും ഒന്നുരണ്ടു ബാറുകളും.

ഒരു ചെറിയ ലോഡ്ജില്‍ 350 രൂപയ്ക്കു മുറിയെടുത്തു. ഫ്രെഷായി പുറത്തിറങ്ങി. പ്രഭാത ഭക്ഷണം കഴിഞു നേരെ നദിയിലേക്ക്.

വഴിയരികില്‍ മീന്‍ പാചകം ചെയ്യുന്ന സ്ത്രീകളെ കാണാം. അവര്‍ ചെയ്തത് വാങ്ങി കഴിക്കാം അല്ലെങ്കില്‍ മീന്‍ വാങ്ങി നല്‍കിയാല്‍ അവര്‍ നമ്മള്‍ പറയുന്നപോലെ പാചകം ചെയ്തു തരും.

മസ്സാജു ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ക്ക് 100 രൂപ കൊടുത്താല്‍ ലഭ്യമാണ്.

ആദ്യ കാഴ്ച തന്നെ മനോഹരം. മരങ്ങള്‍ നിറഞ്ഞ മണല്‍ തിട്ടകളും
പാറക്കെട്ടുകളും. അവക്കിടയിലൂടെ ഒഴുകുന്ന കാവേരി നദി.



 "നരന്‍" സിനിമയിലെ "മുള്ളന്‍കൊല്ലി" ഓര്മ വരും. പക്ഷെ ഇപ്പോള്‍ വെള്ളം കുറവാണ്. മണ്‍സൂണ്‍ കാലം കഴിഞ്ഞുള്ള സമയമാണ് ഇവ്ടിത്തെ ടോപ്‌ സീസണ്‍. പക്ഷെ തിരക്കൊഴിവാക്കി കുടുംബ സമേതം പോകുവാന്‍ ജനുവരി ഫെബ്രുവരി മാസ്സങ്ങള്‍ ഉചിതമാണ്.

ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്ന ഹൊഗനക്കല്‍,കാവേരി നദി കര്‍ണാടകത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന സ്ഥലമാണ്‌ . പാറക്കെട്ടുകളുടെ ഇടയിലൂടെ 20 മീറ്റര്‍ ഉയരത്തില്‍ നിന്നു വരെ  താഴേക്ക്‌ പതിക്കുന്ന വെള്ളച്ചാട്ടങ്ങളുടെ ഒരു തുടര്‍ച്ചയാണിത്.വളരെ വിസ്ത്രിതമായ ഒരു പ്രദേശം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നു.

നേരെ മുന്‍പില്‍ ആദ്യ വെള്ളച്ചാട്ടം.



സുന്ദര കാഴ്ചകളും അനുഭവങ്ങളും തുടരുകയാണ്.
അല്പം മാറി ഒരു ചെറിയ തൂക്കുപാലം ഉണ്ട്.അതിലേക്കു നടന്നു.അവിടെ നിന്നും ഉള്ള കാഴ്ചകള്‍ പകര്‍ത്തി.



 എവിടെ നോക്കിയാലും വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളും.നടക്കാന്‍ ഒരുപാടുണ്ട്.





നടന്നെത്തിയത്‌ ഒരു വാച് ടവരിനടുത്തെക്കാന്. ടവറില്‍ നിന്നുള്ള കാഴ്ചകള്‍ "ചിന്ന ചിന്ന ആശൈ" എന്ന ഗാനത്തെ മനസ്സില്‍ കൊണ്ടുവന്നു.





ടവറില്‍ നിന്നും ഇറങ്ങി , കാവേരി രണ്ടു സംസ്ഥാനങ്ങളുടെ അതിരാകുന്നു. വലതു വശത്ത് കര്‍ണാടകവും ഇടതു തമിഴ്നാടും.



ഒരു വള്ളത്തില്‍ പോകാന്‍ എത്ര രൂപ കൊടുക്കണം?

തെപ്പം എന്ന് കന്നടയിലും പര്സിയല്‍ എന്ന് തമിഴിലും പറയുന്ന കൊട്ടവഞ്ചിയാണ് സാധനം. 500 രൂപ,അഞ്ചു പേരെ ഒരു മണിക്കൂര്‍ കൊണ്ടുപോകും. ഞങ്ങള്‍ രണ്ട്‌ പേര്‍ മാത്രം. വിലപേശി ഡ്രൈവര്‍ പളനി 400 രൂപയ്ക്കു സമ്മതിച്ചു.
സകല ദൈവങ്ങളെയും വിളിച്ചു ആ സാധനത്തില്‍ കയറിയപ്പോള്‍. പളനി ഒരു തടിക്കട്ടയില്‍ ഇരുന്നു ഒരു തുഴ കൊണ്ട് പറപ്പിക്കുകയാണ്. ഇടക്ക് വഞ്ചി വട്ടത്തില്‍ കറക്കും. വെള്ളചാട്ടങ്ങുളുടെ ചുവട്ടില്‍ വരെ കൊണ്ടുപോകും.
രാവിലെ രണ്ടെണ്ണം വിട്ടത് ആവിയായി. "പോതും സ്വാമീ" എന്ന് വിളിച്ചു കരഞ്ഞപ്പോളാണ് പളനി ശാന്തനായത്.









മൈസൂറിനു പോകണോ?  പളനി. പോയാല്‍? ഞാന്‍. എന്തും കിട്ടും. ശരി വിട്.

നേരെ താഴേക്കു. ഇവിടെ കാവേരി ശാന്തയാണ്.


 പാറക്കെട്ടുകളില്‍ ഇരുന്നു ചൂണ്ട ഇടുന്നവര്‍. ഈ മീന്‍ നമുക്ക് വാങ്ങാന്‍ പറ്റും.

സഞ്ചരിക്കുന്ന കൂള്‍ബാര്‍



കര്‍ണാടക തീരത്തണഞ്ഞു. പടിക്കെട്ടുകള്‍ കയറി ഒരു ചെറിയ ഗ്രാമത്തിലേക്ക്.
പളനി എല്ലാവര്ക്കും സുപരിചിതന്‍. ഞങ്ങള്‍ പുള്ളിയുടെ കേരള ഫ്രണ്ട്സ്.

ചൂട് മീന്‍ വറുത്തത്, നാടന്‍ വാറ്റ്, വിദേശി, എന്തും. ദുരുദ്ദേശം ഉള്ളവര്‍ക്ക് അതും.

ആവിയായി പോയതിന്റെ കേടു നിവര്‍ത്തി. പളനിയെയും ചൂടാക്കി. തിരികെ തമിഴ്നാട്ടിലേക്ക്. 1 മണിക്കുറിനു പകരം 3 മണിക്കൂറോളം തുഴഞ്ഞതല്ലേ. പളനിക്ക് 50 രൂപ  കൂടുതല്‍ കൊടുത്തു വിട പറഞ്ഞു. "അടുത്ത വാട്ടി കണ്ടിപ്പാ പാക്കണം" തമിഴന്റെ സ്നേഹം.

വെള്ളചാട്ടങ്ങള്‍ക്കരികിലൂടെ തിരികെ നടന്നു.






മണി മൂന്ന് കഴിഞിരിക്കുന്നു. ഭക്ഷണം കഴിച്ചു. റൂമില്‍ പോയി ഒന്നുറങ്ങി. 7 മണിയോടെ ധര്മാഗിരിക്ക് ബസ്സില്‍. അത്താഴം കഴിച്ചു 11.30 നു ഞങ്ങള്‍ വന്ന അതെ ഗരീബ് എത്തിച്ചേര്‍ന്നു. തിരികെ നാട്ടിലേക്ക്.

അനുബന്ധം

വെറും 36 മണിക്കൂറുകള്‍ മാത്രം മതി പോയിവരാന്‍. തിങ്കള്‍, ബുധന്‍ എന്നീ ദിവസങ്ങളിലെ ഗരീബിനു പോയാല്‍ ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ തിരികെയെത്താം.