ഇമിഗ്രേഷന്‍ കസ്റംസ് നടപടികള്‍ വേഗം കഴിഞ്ഞു. അന്ന് വിസ ഓണ്‍ അറൈവല്‍ ആണ്, ഫീസ് ഇല്ല. ഇന്ന് ETA (Electronic Travel Authorization) വേണം 15 ഡോളര്‍ ഫീസും. ഞങ്ങള്‍ വീണ്ടും വാനില്‍ കയറി. ഷിപ്പിംഗ് കമ്പനി ഓഫീസില്‍ വരെ അവര്‍ എത്തിച്ചു.
വെളിയില്‍ ബോര്‍ഡും പിടിച്ചു ഞങ്ങളുടെ ഡ്രൈവര്‍ കം ഗൈഡ് "രോഹാന്‍". ഇംഗ്ലീഷ് സംസാരിക്കുന്ന പുള്ളിക്ക് പക്ഷെ തമിഴ് അറിയില്ല. തമിഴര്‍ മറ്റൊരു പ്രദേശം ആണല്ലോ.
ഞങ്ങളുടെ പ്രോഗ്രാം അനുസരിച്ചു കാന്‍ഡിക്കാണ് പോകുന്നത്.
മണിഎക്സ്ചേന്ജില്‍ കയറി. ആദ്യ ധാരണ തന്നെ തെറ്റി. ഇന്ത്യന്‍ രൂപ മാറാം, 500 ഉം 1000 വും. ഞങ്ങള്‍ ഡോളറും ആയാണ് പോയത്. 100 ഡോളര്‍ മാറി 14000 ലങ്കന്‍ രൂപ.
ഞങ്ങള്‍ പുറപ്പെട്ടു. കൊളോമ്പോ നഗരത്തിനു ഒരു "തിരോന്തോരം" ലുക്ക്. ബ്രിട്ടീഷുകാര്‍ ഭരിച്ചത് കൊണ്ടായിരിക്കാം. കൊളോണിയല്‍ മാതൃകയിലുള്ള കെട്ടിടങ്ങള്‍.
റ്റാറ്റാ യുടെയും ലെയ് ലാന്റിന്റെയും ബസ്സുകള്‍, ബജാജ് ഓട്ടോ റിക്ഷകള്‍ പിന്നെ മീശയില്ലാത്ത മലയാളി മുഖങ്ങളും.തീര്‍ത്തും സംശയമായി, ഇത് കേരളമാണോ?
സ്കൂളും കുട്ടികളെയും കണ്ടപ്പോള്‍ സംശയം കൂടി. കേരളം തന്നെ. പക്ഷെ ഒരു വ്യത്യാസം. ഒരു തുണ്ട് പേപ്പറോ പ്ലാസ്റികോ എങ്ങും കാണാനില്ല. നാണം തോന്നി
ബാക്കിയുണ്ടായിരുന്ന രണ്ട് ബിയര്‍ തീര്‍ന്നു. രോഹാന്‍ അടുത്ത കട കാണിച്ചു. ഏതെല്ലാമോ സാധനങ്ങള്‍. ഒടുവില്‍ ഒരു ബ്രാണ്ടി വാങ്ങി. 800 lkr.
ടച്ചിങ്ങ്സ് ഉഴുന്ന് വടയും പിന്നൊരു സ്പെഷ്യല്‍ കൊഞ്ച് വടയും.
പരിപ്പുവടയില്‍ കൊഞ്ച് ഒട്ടിച്ചു വച്ചതുപോലെ. പക്ഷെ സാധനം അടിപൊളിയാണ്.
ദൂരെ മലമുകളില്‍ ഒരു വലിയ ബുദ്ധ പ്രതിമ. കാന്‍ഡി എത്തുകയാണ്.
115 km ദൂരം രണ്ടേകാല്‍ മണിക്കൂര്‍ കൊണ്ട് എത്തിച്ചേര്‍ന്നു. കാന്‍ഡിയന്‍ രാജവംശത്തിന്റെ അവസാന തലസ്ഥാനമാണിത്. ഒരു കൃത്രിമ തടാകത്തിന്റെ ചുറ്റുമായാണ് ലങ്കയിലെ രണ്ടാമത്തെ വലിയ നഗരത്തിന്റെ കിടപ്പ്.
ഹോട്ടെല്‍ ഡെവനില്‍ ആണ് ഞങ്ങളുടെ താമസം ഒരുക്കിയിരിക്കുന്നത്. പഴയ ഹോട്ടല്‍ ആണെങ്കിലും നല്ല മുറി.
കുളിച്ചു ഫ്രെഷായി. പുറത്തേക്കിറങ്ങി. വെളിയില്‍ ഒരു വിവാഹ സംഘം.
കാന്‍ഡിയന്‍ രീതിയിലുള്ള വിവാഹ വസ്ത്രങ്ങളണിഞ്ഞ വധൂവരന്മാര്‍.
ഞങ്ങള്‍ പുറത്തേക്കിറങ്ങി. ഒരു ചെറിയ റെസ്റ്റാറന്റില്‍ നിന്നും ഭക്ഷണം കഴിച്ചു. ഫ്രൈഡ്രൈസും, ചിക്കന്‍, മുതലായവയും. നല്ല ഭക്ഷണം. വലിയ റേറ്റും ഇല്ല.
ഇന്ത്യാക്കാര്‍ക്ക് ടൂറു പോകാന്‍ പറ്റിയ സ്ഥലമാണ് ശ്രിലങ്ക. ജീവിത ചെലവ് ഏതാണ്ട് നമ്മുടേത് മാത്രം.
ഞങ്ങള്‍ കാന്‍ഡിയിലെ പ്രധാന ആകര്‍ഷണമായ ടെമ്പിള്‍ ഓഫ് ടൂത്ത് സന്ദര്‍ശിക്കാന്‍ പോയി. ശ്രീബുദ്ധന്റെ ഒരു പല്ല് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
പാര്‍കിംഗ് ഏരിയയില്‍ ഒരു കാലഘട്ടത്തിന്റെ രോമാഞ്ചം സിംഹളത്തില്‍ എഴുതിയ നമ്പര്‍ പ്ലേറ്റുമായി കിടക്കുന്നു.
പൂജാദ്രവ്യങ്ങള്‍ വില്‍കുന്ന കടകളും.അതിനടുത്തായിട്ടുണ്ട്.
ആയിരം ലങ്കന്‍ രൂപയാണ് വിദേശികള്‍ക്കുള്ള പ്രവേശന ഫീസ്. SAARC രാജ്യക്കാര്‍ക്ക് പകുതി മതി. ഞങ്ങള്‍ അകത്തേക്ക് പ്രവേശിച്ചു. നല്ല സെക്യുരിറ്റി ആണ് ഇവിടെ ഇപ്പോഴും. ഒരിക്കല്‍ LTTE ആക്രമണം നടന്നതാണ് ഇവിടെ.
(Babichen and me)
ഇത് നാഗലിന്ഗ മരം (cannon ball tree) 1990 കാലഘട്ടത്തില്‍ കേരളത്തില്‍ ആകെ 200 മരത്തില്‍ താഴെ മാത്രമേ ഉണ്ടായിരിന്നുള്ളൂ. അന്ന് കോട്ടയം CMS കോളേജില്‍ 2 മരം ഉണ്ടായിരിന്നു. ഇന്ന് പലയിടത്തും ഈ മരം കാണാം. എന്റെ സ്വന്തം നാടായ ഇലവുംതിട്ടയിലും .
കൂത്തമ്പലം പോലെ ഒരു നാടക ശാല
ചാവേര്‍ ആക്രമണം നടന്ന സ്ഥലം
ദന്തം സൂക്ഷിച്ചിരിക്കുന സ്ഥലം
ഒരു മഹത്തായ പുരാതന നിര്‍മിതി. ഇതിന്റെ വശത്തുണ്ടായിരുന്ന കൊട്ടാരത്തിന്റെ ബഹുഭൂരിഭാഗവും ബ്രിട്ടിഷുകാര്‍ നശിപ്പിച്ചു. ബാക്കിയുള്ള ഭാഗം ഒരു മ്യുസിയം ആണു. പുതിയ കൊട്ടാരവും ഇതിനടുത്തായിട്ടാണ്.
സ്വന്തം നാടിനോടുള്ള ഒരു അവന്ജ്യയോടു കൂടി അവിടെ നിന്നും പുറത്തിറങ്ങി. നമ്മള്‍ എത്രയോ മഹാ ക്ഷേത്രങ്ങള്‍ വൃത്തി ഹീനമായി പരിപാലിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ .
അവിടെ നിന്നും നേരെ പേരദേനിയ ബോട്ടനിക്കല്‍ ഗാര്‍ഡെനിലേക്കാണ്. 550 ലങ്കന്‍ രൂപയാണ് പ്രവേശന ഫീസ്(ഇന്ത്യാക്കാര്‍ക്ക്).
47 ഏക്കറില്‍ പരന്നുകിടക്കുന്ന ഒരു ഉദ്യാനം. ഇത് കാണുമ്പോള്‍ നമ്മുടെ സ്വന്തം മൃഗശാലകളെയും സസ്യോദ്യാനങ്ങളെയും ഓര്മ വരും. ഒരു വിങ്ങലോട് കൂടി..
ഇത്രയും സ്ഥലത്ത് അനാവശ്യമായി ഒരു പുല്ലു പോലും കാണാനില്ല.
മുത്തശ്ശി പ്ലാവ്
ഒരു ദിവസം 2.5 മിറ്റര്‍ വളരുന്ന ചൈനീസ് മുളകള്‍
ഒരു ചെറിയ മരം
ഒരു തേങ്ങ വിളയാന്‍ എത്രനാള്‍ വേണം? 6 വര്ഷം കൊണ്ട് വിളയുന്ന ഒരു അപൂര്‍വ്വ തേങ്ങയുണ്ടിവിടെ. സീഷെല്‍സ് ദ്വീപുകളില്‍ നിന്നും കടലില്‍ കൂടി ഒഴുകി ശ്രിലങ്കന്‍ തീരത്ത് മുളച്ച, ഡബിള്‍ കൊക്കൊനട്ട്. ഒരു സ്ത്രീയുടെ അരക്കെട്ട് പോലെ തോന്നിക്കുന്ന തേങ്ങയുള്ള ഈ പന ഇവിടെ സംരക്ഷിത സസ്യമാണ്. ഒരു തേങ്ങയുടെ ഭാരം 15 മുതല്‍ 30 കിലോ വരെ. പൂക്കുലയുടെ നീളം 1 മീറ്റര്‍. ലോകത്തെ ഏറ്റവും വലിയ വിത്താണിത്.
(c) hgtv.com
എന്റെ ചെറുപ്പത്തില്‍ ഭിക്ഷയ്ക്കു വന്നിരുന്ന ബുദ്ധസന്യാസിമാരുടെ കയ്യില്‍ ഇതിന്റെ ചിരട്ട കണ്ടതായി ഓര്‍ക്കുന്നു.
ദൂരെ വന്‍മരങ്ങളില്‍ പഴങ്ങള്‍ പോലെ തൂങ്ങി കിടക്കുന്ന വവ്വാല്‍ കൂട്ടം.
മനോഹരമായ ഒരു ഓര്‍ക്കിഡ് തോട്ടവും ഉണ്ടിവിടെ.
അപൂര്‍വ ഇനങ്ങളില്‍ ഉള്ള ഓര്‍ക്കിഡുകള്‍.
സന്ധ്യ ആകുന്നു തിരികെയിറങ്ങി. രോഹാന്‍ ഞങ്ങളെ ഒരു സാംസ്കാരിക കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. കുറച്ചു നേരം ആ പരിപാടികള്‍ കണ്ടു.
അവിടെ വച്ചു ഒരു പാകിസ്താന്‍ നവദമ്പതികളെ പരിചയപ്പെട്ടു. അവര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ അതിയായ മോഹമുണ്ട്. പക്ഷെ.. വിസ കിട്ടണ്ടേ.
തിരികെ ഹോട്ടലിലേക്ക് പോകുന്നതു ഒരു ലേക്ക് വ്യൂ പോയിന്റ് വഴിയാണ്. അവിടെ നിന്നാല്‍ ലേക്കും ചുറ്റുപാടുകളും കാണാം. ദൂരെയായി പുതിയ കൊട്ടാരവും അമ്പലവും തടാകത്തിനരുകിലെ റാണിയുടെ കുളിപ്പുരയും.
ഭക്ഷണത്തിന് ശേഷം മുറിയിലേക്ക്. സുഖമായുറങ്ങി.
രാവിലെ പുറത്തേക്കു നോക്കിയപ്പോള്‍ ദൂരെയായി കാന്‍ഡി ജയില്‍.
ഹോട്ടലിലെ അമേരികന്‍ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. കൂട്ടത്തില്‍ ശ്രിലങ്കന്‍ വിഭവങ്ങളും ഉണ്ട്. കുഴപ്പമില്ല .
ചെകൌട്ട് ചെയ്തു. ഇന്ന് കൊളോമ്പോയിലേക്ക് മടങ്ങി പോകുകയാണ്. തടാക തീരത്ത് കൂടി മടക്കയാത്ര ആരംഭിച്ചു
പോകുന്ന വഴിക്കാണ് പിന്നെവാല - ആനകളുടെ അനാഥാലയം. ആഭ്യന്തിര യുദ്ധ സമയത്ത് വികലാന്ഗര്‍ ആയതും. കാട്ടില്‍ ഒറ്റപെട്ടു പോയ കുട്ടികളും ഉള്‍പ്പെടെ 88 ആനകളാണ് ഇവിടെയുള്ളത്. ഞങ്ങള്‍ ചെല്ലുന്ന സമയത്ത് ഇവയെ "മഹാ ഒയാ" നദിയില്‍ കുളിപ്പിക്കാന്‍ കൊണ്ടുവന്നിരിക്കുകയാണ്.
ഏറ്റവും രസകരമായ വസ്തുത ഇത്രയും ആനകളെ വെറും നാല് പാപ്പന്മാരാണ് കൊണ്ട് വന്നിരിക്കുന്നത്. കുറെ നേരം കുട്ടിക്കുറുമ്പന്‍മാരുടെ കുളി കണ്ടു നിന്നു. മലയാളിക്ക് ആന വലിയ കാര്യമൊന്നുമല്ലല്ലോ.
വീണ്ടും യാത്ര തുടര്‍ന്നു. വഴിയരികില്‍ ബ്രിട്ടിഷ് ഭരണകാലത്ത് റോഡുപണിക്കു ഉപയോഗിച്ച യന്ത്രങ്ങള്‍ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നത് കണ്ടു.
നമ്മുടെ നാട്ടില്‍ ആണെങ്കില്‍ എന്നേ പൊളിച്ചു ആക്രിക്ക് കൊടുത്തേനെ.
പോകുന്ന വഴി ഒരു തേയില ഫാക്ടറി ഉണ്ട് കണ്ടിട്ട് പോകാം. "രോഹന്റെ" നിര്‍ദേശം. ചുറ്റും നോക്കി അവിടെയെല്ലാം തെങ്ങും നെല്ലും മറ്റു കൃഷികളും മാത്രം. ഫാക്ടറിയില്‍ ചെന്നു. പരിപാടി സായിപ്പിന്മാരെ പറ്റിക്കല് തന്നെ "തേയില കച്ചവടം". പ്രവര്‍ത്തനം നിലച്ച ഒരു ഫാക്ടറി പറിച്ചു നട്ടിരിക്കയാണ്. തമിഴ് സംസാരിക്കുന്ന ഒരാളാണ് മാനേജര്‍. തോട്ടം എവിടെ എന്ന ചോദ്യത്തിന് 200 കിലോമീറ്റര്‍ അപ്പുറത്തെന്നു മറുപിടി. എന്തായാലും നല്ല ഒരു കട്ടന്‍ ചായ കിട്ടി.
ഉച്ചക്ക് വഴിയരികിലുള്ള ഒരു ഹോട്ടലില്‍ നിന്നും ഊണ് കഴിച്ചു. തോരനും മീന്‍ കറിയും. തനി കേരളാ സ്റൈല്‍.
3 മണിയോടെ കൊളമ്പോയിലെത്തി. റൂമില്‍ പോയി ഫ്രഷ് ആയി ഉടനെ പുറത്തിറങ്ങി. ഒന്ന് ചുറ്റി വരാനുള്ള സമയമെയുള്ളൂ.
കൊളോമ്പോയുടെ നഗര കാഴ്ചകളിലേക്ക്.
കൊളോമ്പോ ബീച്ച്.
ബുദ്ധ ക്ഷേത്രം.
സ്വാതന്ത്ര ചത്വരം
ചൈനയുടെ സംഭാവനയായ സ്റേഡിയം
കൊളോമ്പോ പ്രോവിന്‍സിന്റെ ആസ്ഥാനം.
ഇത് വൈറ്റ് ഹൌസ് മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
രാത്രി ഭക്ഷണം നേരത്തെ കഴിച്ചു. നേരത്തെ ഉറങ്ങണം. രാവിലെ 7.45 നാണ് ഫ്ലൈറ്റ്. രാവിലെ 4.30നു ഹോട്ടലുകാര്‍ നല്‍കിയ ബ്രേക്ഫാസ്റ്റ് പാകെറ്റ്മായി 40 കിലോമിറെര്‍ അകലെ നെഗുമ്പോയിലുള്ള എയര്‍പോര്‍ട്ടിലേക്ക്. അതിശക്തമായ സെക്യുരിറ്റി ആണിവിടെ.
ഭക്ഷണ പൊതികളും ടിപ്പും നല്‍കി രോഹാനോട് യാത്ര പറഞ്ഞു. ചെകിന്‍ ചെയ്തു
ഈ രാജ്യത്തിന്റെ ഭംഗിയും ജനങ്ങളുടെ പെരുമാറ്റ രീതിയും കണ്ടാല്‍ ഇത് രാമരാജ്യമല്ലേ എന്ന് തന്നെ തോന്നും.
7.45 നു തന്നെ വിമാനം പറന്നുയര്‍ന്നു. തിരികെ, വഴികളും പുഴകളും വനങ്ങളും വരെ, മാലിന്യത്താല്‍ നിറഞ്ഞ "ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്".
അനുബന്ധം
കാണാന്‍ ഒരുപാട് ബാക്കിയുണ്ട് സിഗിരിയ, അനുരാധപുര, ബെനോട്ട, നുവരെലിയ, അങ്ങനെ പലസ്ഥലങ്ങളും.
പോകണം പക്ഷെ, പോകാന്‍ സ്കോട്ടിയയില്ല കൂടെ വരാന്‍ ബേബിച്ചനും
.
































































No comments:
Post a Comment