നേപ്പാള്‍ രണ്ടാം ഭാഗം വായിക്കാന്‍
നേപ്പാള്‍ 2 - കാട്ട്മണ്ടു, തലസ്ഥാന നഗരം...
ഒന്‍പതരക്കാണ് വിമാനം. ഏഴു മണിക്ക് തന്നെ റൂമില്‍ നിന്നും പുറത്തു വന്നു.
ഞങ്ങളുടെ വാഹനങ്ങള്‍ രാത്രി തന്നെ പുറപ്പെട്ടിരിന്നു.
എയര്‍പോര്ട്ടിലേക്ക് പോകുവാനുള്ള വാഹനം എത്തി. ഇന്ത്യയില്‍ ഇത് വരെ ഇറങ്ങാത്ത ടൊയോട്ട കമ്മ്യുട്ടെര്‍. 15 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ടിതിനു. ഞങ്ങള്‍ 16 പേരും കയറി.
ത്രിഭുവന്‍ ദാസ് എയര്പോര്ടിന്റെ ഡൊമസ്റിക് ടെര്‍മിനലിലേക്ക്.
വണ്ടിയില്‍ ഇരുന്നു ആലോചിച്ചത് നേപ്പാളിലെ ആകാശയാത്രയെക്കുറിച്ചാണ്.
ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യമാണ് നേപ്പാള്‍. മലകള്‍ക്കിടയിലെ ചെറിയ വിമാനത്താവളങ്ങള്‍, എപ്പോള്‍ വേണമെങ്കിലും വീശിയടിക്കാവുന്ന കൊടുങ്കാറ്റ്, കാഴ്ചയെ മറക്കുന്ന മൂടല്‍ മഞ്ഞ്, മേഘങ്ങള്‍. എന്തും എപ്പോഴും സംഭവിക്കാം.
1949 ല്‍ വ്യോമഗതാഗതം ആരംഭിച്ചതില്‍ പിന്നെ 63 വിമാന അപകടങ്ങള്‍ ആണ് ഈ കൊച്ചു രാജ്യത്ത് നടന്നിട്ടുള്ളത്.
നമുക്ക് മറക്കാനാവാത്ത ഒരു കൊച്ചു മിടുക്കിയും മരണപ്പെട്ടവരുടെ കൂട്ടത്തില്‍ ഉണ്ട്. "തരുണി സച്ദേവ്"
നമ്മുടെ പഴയ "രസ്നാ ഗേള്‍". വിനയന്റെ വെള്ളി നക്ഷത്രത്തിലെ
സുന്ദരിക്കുട്ടി.
അവള്‍ ഈ ലോകം വിട്ടുപോയതും ഈ ആകാശത്തു നിന്നാണ്.
എയര്‍പോര്‍ട്ടില്‍ എത്തി. ഒരു ചെറിയ കെട്ടിടം. പുതിയ ടെര്‍മിനല്‍ പണി നടക്കുന്നുണ്ട്.
അകത്തു കയറി. ആള്‍ക്കരെക്കാള്‍ കൂടുതല്‍ ലഗേജാണ്.
ചെകിന്‍ ചെയ്തു. ഞങ്ങള്‍ 16 പേര്‍ക്കും കൂടി ഒറ്റ ബോര്‍ഡിംഗ് പാസ്സ്. ഏതു സീറ്റില്‍ വേണമെങ്കിലും ഇരിക്കാം.
ഫ്ലൈറ്റ് അനൌണ്സ് ചെയുന്നതും കാത്തിരിക്കുകയാണ്. രണ്ടും മൂന്നും മിനിറ്റ് കൂടുമ്പോള്‍ ചെറിയ വിമാനങ്ങള്‍ വരികയും പോവുകയും ചെയ്യുന്നുണ്ട്.
ഇവിടെ ഒരു പ്രത്യേക വിമാന സര്‍വീസ് ലഭ്യമാണ്. മൌണ്ട് എവരെസ്റ്റ്,
കാട്ട്മണ്ടു ടു കാട്ട്മണ്ടു, ഏവരെസ്റിനെ ചുറ്റി തിരികെ വരുന്ന വിമാനം. 3000 രൂപ മുതല്‍ ആണ് ടിക്കെറ്റ്.
ഫ്ലൈറ്റ് അനൌണ്സ് ചെയ്തു.
ബസ്സില്‍ വിമാനത്തിനരികിലേക്ക്. യെതി എയര്‍ലൈന്‍സിന്റെ
JETSTREAM - 41 ആണ് വിമാനം. രണ്ട് പൈലറ്റുമാരും ഒരു കാബിന്‍ ക്രൂവും ഉള്‍പ്പെടെ 32 പേര്‍ക്ക് മൊത്തം യാത്ര ചെയ്യാം. ഒരു ബസ്സിനു ചിറകു പിടിപ്പിച്ച പോലെ.
വിമാനം നീങ്ങി തുടങ്ങി. കാട്ട്മണ്ടുവിന്റെ ആകാശ ദൃശ്യങ്ങള്‍
കണ്ടുകൊണ്ടു പൊക്രയിലേക്ക്.
ഞങ്ങളുടെ നേപ്പാളി സുന്ദരി എയര്‍ഹോസ്റെസ്സ് കൊണ്ടുവന്ന കാപ്പിയും ബിസ്കറ്റും ആസ്വദിച്ചിരിക്കെ വലതു വശത്തായി ഒരു കാഴ്ച.
വെണ്‍മേഘങ്ങള്‍ക്ക് നടുവില്‍ മറ്റൊരു വെണ്‍മേഘം പോലെ അന്നപൂര്‍ണ്ണ മലനിരകള്‍. വളരെ അസുലഭമായ കാഴ്ച.
അര മണിക്കൂറോളം നീണ്ട യാത്ര അവസാനിക്കാറായിരിക്കുന്നു. നേപ്പാളി സുന്ദരിയുമായി പരിചയപ്പെട്ടു. അവള്‍ക്കും കേരളത്തില്‍ നിന്നാണ് എന്നറിഞ്ഞപ്പോള്‍ അത്ഭുതം.
സുന്ദരിയുടെ അമ്മാവന്‍ വിവാഹം കഴിച്ചിരിക്കുന്നത് ഇന്ത്യാക്കാരിയെ ആണ്. അവരുടെ മകന്‍ ഇന്ത്യന്‍ നേവിയില്‍ ക്യാപ്ടന്‍. ഇപ്പോള്‍ നമ്മുടെ കൊച്ചിയില്‍. അങ്ങനെ കേരളം എവിടെയാണെന്ന് സുന്ദരിക്കറിയാം.
വിമാനം താഴ്ന്നു തുടങ്ങിയിരിക്കുന്നു. നാലുചുറ്റും മലനിരകള്‍ അതിനു നടുവില്‍ ഒരു ചെറിയ എയര്‍പോര്‍ട്ട്.
പത്തുമണി കഴിഞ്ഞപ്പോള്‍ ലാന്റു ചെയ്തു.
Santhosh from Neyyaattinkara
അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകള്‍ രണ്ടായിട്ടാണ്. ചെറിയ കെട്ടിടങ്ങള്‍. അതികം സെക്യൂരിട്ടി ഒന്നുമില്ല.
Santhosh,Rajeev,Suresh and Me
ആകാശത്തില്‍ ഗ്ലൈഡറില്‍ പറക്കുന്ന വിനോദ സഞ്ചാരികള്‍. തണുത്ത കാലാവസ്ഥ.
ഞങ്ങളുടെ പഴയ വാഹനങ്ങളും സാരഥികളും എത്തി. നേരെ ഹോട്ടെലിലേക്ക്. പൊക്രയിലെ ഫേവ തടാകത്തിനരികിലായാണ് ഹോട്ടല്‍.
നല്ല വിശപ്പ്, പ്രഭാത ഭക്ഷണം റെഡിയാണ്. അത് കഴിച്ചു. മുറി കിട്ടാന്‍ സമയം എടുക്കും. പുറത്തേക്കിറങ്ങി.
വെളിയില്‍ ഉള്ള ചെറിയ ബേക്കറിയില്‍ കയറി. മരുന്നു റെഡി, പക്ഷെ വില കൂടുതല്‍. എങ്കിലും ഞാനും സുരേഷും ചെറുത് വാങ്ങി അവിടെ ഇരുന്നു കഴിച്ചു..
100 മീറ്റര്‍ അകലെയുള്ള സൂപ്പര്‍ മാര്‍ക്കെറ്റില്‍ നിന്നും വാങ്ങി ഇരട്ടി വിലക്ക് സഞ്ചാരികളെ പറ്റിക്കുകയാണ് നേപ്പാളിയുടെ പണി .
പന്ത്രണ്ടു മണിയോടെ റൂം റെഡി. ഇന്ന് പ്രത്യേകിച്ച് തീര്‍ത്ഥാടനം ഒന്നുമില്ല. ഉച്ച ഭക്ഷണം കഴിഞു ഒന്ന് മയങ്ങി.
മൂന്നരയോടെ ഫെവാ തടാകത്തിനടുത്തെക്ക് നടന്നു. ഏതാണ്ട് അഞ്ചു ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള ഈ തടാകത്തില്‍ ഒരു ചെറിയ ദ്വീപും അതില്‍ ഒരു ക്ഷേത്രവും ഉണ്ട്. "താള്‍ ബരാഹി"
അവിടേക്ക് പോകാന്‍ ബോട്ട് സൗകര്യം ലഭ്യമാണ് ഒരാള്‍ക്ക് നൂറു രൂപ. മിക്കവാറും എല്ലാവരും ബോട്ടില്‍ കയറി അമ്പലത്തിലേക്ക് പോയി. ഞാന്‍ തടാക തീരത്തെ കല്ലുപാകിയ നടപ്പാതയില്‍ കൂടി നടക്കാന്‍ തീരുമാനിച്ചു.
ആകെ മൂടി കെട്ടിയ അന്തരീക്ഷം, പക്ഷെ ഇവിടെ നിന്നാല്‍ ആകാശത്ത് ഞങ്ങള്‍ കണ്ട അന്നപൂര്‍ണ മലനിരകള്‍ കാണാം. അന്നപൂര്‍ണയിലേക്ക് മുപ്പതു കിലോമീറ്ററില്‍ താഴയേ ഉള്ളൂ ആകാശദൂരം.
അവിടെ പ്രകൃതി ആസ്വദിച്ചു നിന്നപ്പോള്‍, ഒരു മലയാള സംസാരം...
ഡല്‍ഹിയില്‍ നിന്നും ബൈക്കില്‍ നേപ്പാളിന് വന്ന നാല് യുവാക്കള്‍. അവരോടു സംസാരിച്ചു നിന്നപ്പോഴേക്കും. സഹയാത്രികര്‍ എത്തി.
ഞങ്ങള്‍ ഒരുമിച്ചു ലേക്ക് സൈഡ് റോഡ് എന്നറിയപ്പെടുന്ന പ്രധാന വഴിയില്‍ എത്തി. അവര്‍ യാത്ര പറഞ്ഞു പിരിഞ്ഞു.
നല്ല അനുഭവം ആയിരിന്നിരിക്കണം അവരുടെ യാത്ര. കൊതി തോന്നി.
തെരുവിലെ കടകളില്‍ കൂടുതലും കരകൌശല വസ്തുക്കളാണ്.
കുറെ നേരം അവിടെ അലഞ്ഞു. കൂട്ടത്തില്‍ ഒരു നേപ്പാളി കത്തി "കുക്ക്രി" വാങ്ങി. അഞ്ഞൂറ് ഇന്ത്യന്‍ രൂപ. സുന്ദരന്‍ സാധനം. ഇവിടെ ഒരിക്കലും കിട്ടില്ല.
തിരിച്ചു ഹോട്ടെലില്‍ എത്തി . അത്താഴം കഴിച്ചു. നേരത്തെ ഉറങ്ങണം.
കാരണം രാവിലെ സൂര്യോദയം കാണണം.
ആ കാഴ്ചകള്‍ അടുത്ത ബ്ലോഗില്‍.
നേപ്പാള്‍ 1- മനാക്കമാനാ ദേവിയുടെ സവിധത്തിലേക്കു.
നേപ്പാള്‍ 2 - കാട്ട്മണ്ടു, തലസ്ഥാന നഗരം...






























