Sunday, March 4, 2018

മുരുധ്വെശ്വര്‍ വഴി സൌത്ത് ഗോവ - ഒരു കൊങ്കണ്‍ യാത്ര


പല പ്രാവശ്യം നോര്‍ത്ത് ഗോവയില്‍ സഞ്ചരിച്ചിട്ടുള്ളതിനാല്‍ ഇത്തവണ സൌത്ത് ഗോവ പോകാന്‍ തീരുമാനിച്ചു. കൂട്ടത്തില്‍ മുരുധ്വെശ്വറും.



റിസര്‍വേഷന്‍ കിട്ടാത്തതിനാല്‍ പരശുരാമില്‍ മംഗലാപുരത്തേക്ക്. റെയില്‍വേ റിട്ടയറിംഗ് റൂമില്‍ വിശ്രമം. അത്താഴത്തിനു അടിപൊളി മട്ടന്‍ കറിയും ചപ്പാത്തിയും. അവിടേക്ക് നയിച്ച ഓട്ടോ ചേട്ടന് പ്രത്യേക നന്ദി.

രാവിലെ 9 മണിയോടെ മുരുധ്വെശ്വറിലേക്ക് ട്രെയിന്‍



. റയില്‍വേ സ്റെഷനില്‍ നിന്നും 2 km ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്. ഓട്ടോ തന്നെ ശരണം.

താമസിക്കാന്‍ ബുക്ക്‌ ചെയ്ത ഹോട്ടലിലെ നിയമങ്ങള്‍ കേട്ടെപ്പോള്‍ ബോധം പോകുന്ന മാതിരിയായി. സസ്യേതര ഭക്ഷണം, പുകവലി,മദ്യപാനം ഇവക്കെല്ലാം നിരോധനം. രാവിലെ ഗോ പൂജയുണ്ട് വേണമെങ്കില്‍ പങ്കെടുക്കാം. ഇത് ഹോട്ടലോ അതോ മഠമോ? ഒരു രാത്രിയുടെ കാര്യമല്ലേ സഹിക്കാം.

ഉയരത്തില്‍ ഇന്ത്യയില്‍ ഒന്നാമതും ലോകത്തില്‍ രണ്ടാമതും ആയ ശിവ പ്രതിമ ആണ് ഈ കടല്‍തീര ക്ഷേത്രത്തിന്റെ  പ്രത്യേകത. 123 അടി ഉയരം. മുന്‍പിലായി 237.5 അടി ഉയരമുള്ള രാജഗോപുരവും. മൂല വിഗ്രഹവും(ശിവലിംഗം) അതിനോട്  ചേര്‍ന്നുള്ള ശനീശ്വര ക്ഷേത്രത്തിന്റെയും മുകളിലായാണ് പ്രതിമ. ഗോപുരവാതിലില്‍ രണ്ട് ആനകളുടെ പ്രതിമകള്‍.  20 നിലകളുള്ള ഗോപുര മുകളിലേക്ക് ലിഫ്റ്റ്‌ സൌകര്യമുണ്ട്. മുകളില്‍ നിന്നുള്ള പ്രതിമയുടെയും വശത്തെ ബീച്ചിന്റെയും കാഴ്ച അതിമനോഹരമാണ്. അസ്തമനം വരെ അവിടെ ചുറ്റിക്കറങ്ങി.






രാവിലെ 9 മണി, കാനക്കോണക്കുള്ള ട്രെയിന്‍ യാത്ര തുടര്‍ന്നു. പാസഞ്ചര്‍ ട്രെയിന്‍ ശുഷ്കമായ യാത്രക്കാരുമായി പോകുന്നു. കാരണമുണ്ട് സ്റെഷനുകള്‍ എല്ലാം ടൌണുകള്‍ വിട്ടാണ് സ്ഥിതി ചെയ്യുന്നത്.


ഉച്ചയോടെ കാനകോണ എത്തി.സ്റെഷനില്‍ നിന്നും 2 km അകലെയാണ് മുറി ബുക്ക്‌ ചെയ്തിരിക്കുന്ന പലോലിം ബീച്ച്. ഓട്ടോ തന്നെ ശരണം.

 ചുറ്റും തെങ്ങിന്‍ തോപ്പുകള്‍,  നാലോ അഞ്ചോ റെസ്റാരന്റുകള്‍, കുറച്ചു ലോഡ്ജുകള്‍, കുറെയേറെകുടിലുകള്‍ പോലയൂള്ള കോട്ടേജുകള്‍. ഒന്നോ രണ്ടോ മദ്യശാലകള്‍. കഴിഞ്ഞു.തീര്‍ത്തും ഗ്രാമീണത.

നോര്‍ത്ത് ഗോവയില്‍ നിന്നും തികച്ചും വ്യതസ്ഥം.


നാല് മണി ആയപ്പോള്‍ പുറത്തേക്കിറങ്ങി. കുറച്ചു സ്ത്രീകള്‍ പൂത്താലം തലയില്‍ വച്ച് ഒരു തമ്പേറിന്റെ  അകമ്പടിയോടെ നടന്നു നീങ്ങുനത്  കണ്ടു.

ബീച്ചില്‍ തിരക്ക് ഒട്ടുമില്ല. അസ്തമനം ആകാറായപ്പോള്‍ സ്ത്രീകള്‍  ബീച്ചില്‍ വന്നു സമുദ്ര പൂജ ചെയ്തു. സമുദ്ര കോപത്തില്‍ നിന്നും രക്ഷപെടാനും നല്ല കോള് ലഭിക്കാനും.

അത്താഴം ഗോവന്‍ ചിക്കന്‍ കറിയും ചപ്പാത്തിയും, അടിപൊളി.

രാവിലെ സ്കൂട്ടര്‍ വാടകക്കെടുത്തു, 300 രൂപ. അതില്‍ കാബോ ഡി രാമാ ഫോര്‍ട്ട്‌ കാണാന്‍ ആണ് പദ്ധതി.

മരുന്നിനു തീരെ വിലയില്ലാത്തതിനാല്‍ സ്കൂട്ടര്‍ ഒരു സഞ്ചരിക്കുന്ന ബാര്‍ ആയി മാറി. പോലീസിന്റെ ശല്യവും ഇല്ല.



ജനവാസം തീരെ കുറഞ്ഞ പ്രദേശത്തുകൂടിയാണ് യാത്ര. കഴിഞ്ഞുപോയ വര്‍ഷകാലം ഗോവയെ കൂടുതല്‍ ഹരിതാഭാമാക്കിയിരിക്കുന്നു.

തെങ്ങും പറങ്കിമാവും കരനെല്‍കൃഷിയും ഉള്ള സ്ഥലങ്ങിളിലൂടെ ഉള്ള യാത്ര.തികച്ചും കേരളീയ പ്രകൃതം. ചില സ്ഥലത്ത്  പച്ചക്കറികള്‍ വില്‍ക്കുന്ന സ്ത്രീകള്‍, അവരില്‍ നിന്നും ഗോവന്‍ കുടംപുളിയായ "കൊക്കും" വാങ്ങി.





ആദ്യം ചെന്നെത്തിയത് അഗോണ്ട ബീച്ചില്‍ ആണ്. അവിടവും വിജനം. ഒരു ദമ്പതികള്‍ മാത്രം അവിടെയുണ്ട്. കുറെ നേരം അവിടെ ചിലവഴിച്ചു.



വീണ്ടും യാത്ര. ആദ്യം കണ്ട വില്ലേജ് രേസ്റാരന്റില്‍ കയറി. റവയില്‍ മുക്കി വറുത്ത അയിലയും ഊണും.   പുറകില്‍ കേരളത്തിലെ പോലെ ഒരു തോട് ഒഴുകുന്നു, തികച്ചും മലിനമാകാതെ.



ഫോര്ട്ടിലെക്കുള്ള വഴിയില്‍ വീണ്ടും ബീച്ചുകള്‍ ഉണ്ട്. എങ്ങും കയറിയില്ല.

കോട്ടയിലേക്ക് അടുക്കുന്നു. ഒരു എയര്‍പോര്‍ട്ട്  പോലെ  വിശാലമായ പീഠഭൂമിയാണ്‌ മുന്‍പില്‍. അതിര്  കിഴുക്കാം തൂക്കായ്‌ കടലിലേക്ക്‌ കിടക്കുന്നു.


അതിന്റെ  ഒരറ്റത്തായി കോട്ട.

തകര്‍ന്നു തുടങ്ങിയ കോട്ടയില്‍ ഒരു പഴയ പള്ളി, അല്ലാതെ മറ്റൊന്നുമില്ല. കോട്ടക്കുള്ളിലും നിരീക്ഷണ ഗോപുരത്തിലും കുറെ നേരം ചിലവഴിച്ചു. തിരികെ റൂമിലേക്ക്‌.



പിറ്റേന്ന് ഉച്ചയോട് കൂടി ഗോവയോട് വിടപറഞ്ഞു.

ശാന്തമായി ഗോവന്‍ ബീച്ചുകള്‍ ആസ്വദിക്കണമെങ്കില്‍, നഗര തിരക്കുകളില്‍ നിന്നും ഒഴിവാകണമെങ്കില്‍  സൌത്ത് ഗോവയാണ് ഉചിതം. പല വിദേശികളും ആഴ്ചകളോളം ഇവിടെ താമസിക്കുന്നു.



അനുബന്ധം

നേത്രാവതി എക്സ്പ്രസ്സിന് ഈ രണ്ടു സ്ഥലങ്ങളിലും സ്റ്റോപ്പ്‌ ഉണ്ട്.
































No comments: