Friday, June 20, 2014

ചിക്കമഗളൂര്‍ - ഇന്ത്യയുടെ കാപ്പിത്തോട്ടം.

ചിക്കമഗളൂര്‍ -  അടിയന്തിരാവസ്ഥക്കു ശേഷം 1978 ല്‍ ഇന്ദിരാ ഗാന്ധിയെ രാഷ്ട്രീയ വനവാസത്തില്‍ നിന്നും മോചിപ്പിച്ച മണ്ഡലം. ഇതായിരിന്നു ആദ്യത്തെ അറിവ്.

പിന്നീടു അറിഞ്ഞു പടിഞ്ഞാറന്‍ കര്‍ണാടകയിലെ  ഒരു സുഖവാസ കേന്ദ്രം. സഹ്യന്റെ കിഴക്കേ ചരിവ്. മസാല ദോശക്കും വടയ്ക്കും പേര് കേട്ട സ്ഥലം.

17 )൦ നൂറ്റാണ്ടില്‍ യെമനില്‍ നിന്നു വന്ന ബാബ ബുധന്‍ എന്നാ സൂഫി സന്യാസി കൊണ്ടുവന്ന 7 കാപ്പി കുരുക്കള്‍ കൊണ്ട് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാപ്പി കൃഷി ചെയ്യുന്ന സ്ഥലമായി മാറിയ ഇടം.



കാലാവസ്ഥ - അത് അവിടെ ജോലി ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ പരിചയക്കാരനോട്‌ അന്വേഷിച്ചു. "ഭയങ്കര തണുപ്പാ".
പണ്ടേ തണുപ്പ് ഇഷ്ടമായത് കൊണ്ട്. ഡിസംബറില്‍ പോകാന്‍ തീരുമാനിച്ചു.
സുഹൃത്ത്‌ പാലക്കാട്ടുകാരന്‍ സുരേഷിനോട് വിവരം പറഞ്ഞു. പുള്ളി റെഡി.

അപ്പോഴാണ്‌ കുദ്രെമുഖിനെ കുറിച്ചു കേള്‍ക്കുന്നത്. അവിടെ ജീപ്പില്‍ വനത്തില്‍ സഫാരി ഉണ്ടത്രെ. റൂട്ട് പ്ലാനില്‍ അതും ഉള്‍പ്പെടുത്തി.

ഹോട്ടലുകളും ട്രെയിന്‍ ടിക്കെറ്റും ബുക്ക് ചെയ്തു. കുദ്രെമുഖില്‍ ഹോട്ടലുകളിലില്ലാതതിനാല്‍ 20 കിലോമീറ്റര്‍ അകലെയുള്ള കലാസയില്‍ ബുക്ക്‌ ചെയ്തു.

ഡിസംബര്‍ 26 ഉച്ചകഴിഞ്ഞു 3 മണിക്ക് ഹൂബ്ലി എക്സ്പ്രസ്സില്‍ യാത്ര തുടങ്ങി. രാത്രിയോടെ സുരേഷ് പാലക്കാട്ട് നിന്നും പങ്കാളി ആയി. ഈ ട്രെയിനില്‍ പാന്‍ട്രി കാര്‍ ഇല്ല. രാത്രിഭക്ഷണം സുരേഷ് വാങ്ങി വന്നു.

രാവിലെ കണ്ണ് തുറന്നപ്പോള്‍ വണ്ടി യെശ്വന്ത്പൂര്‍ എത്തിയിരിക്കുന്നു. സമയം അഞ്ചര. വെളിയില്‍ അസ്ഥി മരവിക്കുന്ന തണുപ്പ്. ഒരു ചായ കുടിച്ചു. ചെറിയ ആശ്വാസം. ഇനി മൂന്നു മണിക്കൂര് കൂടിയുണ്ട്. വീണ്ടും ഒന്ന് കൂടി ഉറങ്ങി. എട്ടരയോടു കൂടി ബിരുര്‍ ജങ്ക്ഷനില്‍ ഇറങ്ങി.

കാലാവസ്ഥ മുഴുവന്‍ മാറിയിരിക്കുന്നു. നല്ല ചൂട്. ഒരു ചെറിയ സ്റേഷന്‍. യാത്രക്കാര്‍ അധികമില്ല. ഇവിടെ നിന്നും 48 കിലോമീറ്റര്‍ അകലെയാണ് ലക്‌ഷ്യം.

ഓവര്‍ ബ്രിഡ്ജ് കയറി വെളിയിലേക്ക് നടക്കുമ്പോള്‍ ഒരു മലയാള സംസാരം. ഒരു കന്യാസ്ത്രീയും ആ ട്രയിനില്‍ വന്ന കുറച്ചു പെണ്‍കുട്ടികളുമാണ്. അവര്‍
ചിക്കമഗളൂരില്‍ സഭയുടെ കീഴിലുള്ള ആശുപത്രിയിലെ പുതിയ നഴ്സുമാരാണ്. സിസ്റ്ററിനോട് ബസ്സിന്റെ കാര്യങ്ങള്‍ അന്വേഷിച്ചു. സിസ്റര്‍ ഞങ്ങളെ അവരുടെ വണ്ടിയില്‍ കൊണ്ട് പോകാം എന്നായി. സ്നേഹപൂര്‍വ്വം നിരസിച്ചു. ആ വണ്ടി അപ്പോള്‍ തന്നെ ഫുള്ളായിരിന്നു..

 പുതിയ റെയില്‍വേ സ്റേഷന്‍ കെട്ടിടം പണി തീര്‍ന്നു വരുന്നു.


.അര കിലോമീറ്റര്‍ നടക്കണം ksrtc  ബസ് സ്റാന്റിലേക്ക്. നടന്നു. ആദ്യമെത്തുന്നത് പ്രൈവറ്റ് ബസ് സ്റാന്റിലാണ്. അവിടെയുള്ള ചെറിയ ഹോട്ടലില്‍ നിന്നു മസാലദോശയും വടയും കഴിച്ചു. ഉഗ്രന്‍.

അവിടെ നിന്നും നൂറു മീറ്റര്‍ അപ്പുറമുള്ള ksrtc സ്റാന്റിലേക്ക് നടന്നു. മലയാളികള്‍ കന്നടക്കാരനെ കണ്ടു പഠിക്കണം. മിനിമം നമ്മുടെ ആനവണ്ടി ജീവനക്കാരെ ഒരാഴ്ച പരിശീലനത്തിന് അവിടെ വിടണം.

കഴുകി തുടച്ചിട്ടിരിക്കുന്ന പ്ലാറ്റ്ഫോമുകള്‍. യാത്രക്കാരെ വിളിച്ചു കയറ്റുന്ന കണ്ടക്ടര്‍മാര്‍. സ്വന്തം സ്ഥാപനത്തോട്‌ ഉള്ള ആത്മാര്‍ഥത ഇവിടെ വെളിപ്പെടുന്നു.



20 മിനിട്ടിനുള്ളില്‍ ചിക്കമഗളൂര്‍ ബസ് വന്നു. വലിയ തിരക്കില്ല സീറ്റ് കിട്ടി. അധികം അകലെയല്ലാതെ ഉള്ള കാടുര്‍ പട്ടണത്തില്‍ നിന്നു വലത്തേക്ക് കൃഷിയിടങ്ങളും മുള്‍ക്കാടുകളും അതിരിടുന്ന റോഡില്‍ക്കൂടി ഒന്നര മണിക്കൂര്‍ യാത്ര



ലഗേജു സൂക്ഷിക്കാന്‍ സ്ഥലം. പ്രത്യേക കൈപ്പിടികള്‍. ഇതും ഒരു സര്‍ക്കാര്‍ ബസ്സ്‌ ആണ്.

11 മണിയോടെ ചിക്കമഗളൂര്‍ എത്തി. പട്ടണത്തിന്റെ പ്രധാന തെരുവായ IG റോഡിലാണ് ബസ് സ്റേഷന്‍. അതെ റോഡില്‍ അര കിലോമീറ്റര്‍ അകലെയായി  താമസം ബുക്ക്‌ ചെയ്തിരിക്കുന്ന ഹോട്ടല്‍. ഹോട്ടല്‍ മലെനാട്.  നല്ല വെയില്‍ നല്ല ചൂടും, ഒരു ഓട്ടോ പിടിച്ചു.

ഒരു ശരാശരിയില്‍ താഴെയായ ഹോട്ടല്‍. നെറ്റില്‍ കണ്ടപോലുന്നുമില്ല.

ഒന്ന് ഫ്രഷ്‌ ആയി ക്ഷീണം മാറാന്‍ രണ്ടെണ്ണം വിട്ടു. ഉടന്‍ തന്നെ പുറത്തിറങ്ങി. ഭക്ഷണം കഴിച്ചു. നല്ല ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകള്‍ ഈ പരിസരത്തുണ്ട്.

നേരെ ബേലൂര്‍ - ഹാലെബിഡ്  കാണാനായി ബസ് പിടിച്ചു.

ആ യാത്ര പ്രത്യേകമായി എഴുതിയിട്ടുണ്ട്.

ബേലൂര്‍, ഹലേബിഡ് - ഹോയ്ശാല സംസ്കൃതി

സന്ധ്യ കഴിഞ്ഞു അവിടെ നിന്നും തിരികെ വന്നപ്പോള്‍. ഹോട്ടല്‍ പരിസരത്ത് തന്നെ ഒരു ട്രാവല്‍ എജെന്‍സി കണ്ടു പിടിച്ചു. ഒരു മലയാളി ആണ് ഉടമസ്ഥന്‍.
പുള്ളി പിറ്റേ ദിവസത്തേക്ക് ഒരു ടാക്സി ഏര്‍പ്പാടാക്കി. 2200 രൂപ. ഫുള്‍ ഡേ ട്രിപ്പ്‌. സമ്മതിച്ചു.

ഊര്‍ജ്ജം വില്‍ക്കുന്ന കട അടുത്തുതന്നെ ഉണ്ട്. അതും വാങ്ങി റൂമില്‍ പോയി.
കുളിച്ചു രണ്ടെണ്ണം വീശി. അത്താഴം വെളിയില്‍ പോയി കഴിച്ചു. തിരികെ വന്നുറങ്ങി,

രാവിലെ 8 മണിക്ക് തയാറായി പുറത്തിറങ്ങി. അപ്പോഴേക്കും വണ്ടി റെഡി.
ഒരു പുതിയ ഇന്‍ഡിഗോ. ഡ്രൈവര്‍ "ലാന്സി".

കന്നഡക്കാരന്‍. പക്ഷെ തമിഴും ഹിന്ദിയും നല്ലപോലെ സംസാരിക്കും. ഭാര്യ മലയാളി ആണെങ്കിലും മലയാളം അറിഞ്ഞുകൂടാ.

ലാന്‍സി തന്നെ പ്രോഗ്രാം നിശ്ചയിച്ചു. മുല്ല്യയാന്ഗിരി മലകളെ ചുറ്റി ഒരു സഞ്ചാരം.



ബ്രേക്ഫാസ്റ്റ് "ഫുഡ്‌ പാലസില്‍" നിന്നും കഴിച്ചു സുന്ദരന്‍ മസാലദോശയും വടയും കൂടെ നാടന്‍ കാപ്പിയും. യാത്ര തുടങ്ങി.

ടൌണ്‍ പിന്നിട്ടതോടെ കാപ്പിതോട്ടങ്ങളുടെ നീണ്ട നിര. ഇടതു വശത്തായി മുല്ല്യയാന്ഗിരി മലനിരകള്‍.




ദൂരെയായി മുല്ല്യയാന്ഗിരി മലനിരകള്‍  ഒരു സാധാരണ തമിഴ്  ഗ്രാമവഴികളില്‍ പോകുന്ന പോലെ. നല്ല ചൂടും.


ആദ്യം ചെന്നെത്തിയത് കല്‍ഹാട്ടി വെള്ളച്ചാട്ടത്തിനു അരുകിലെക്കാണ്.


പാറകള്‍ക്കിടയില്‍ പണിതിരിക്കുന്ന ശിവ ക്ഷേത്രം. അതിന്റെ മുന്‍പിലേക്ക് പതഞ്ഞു വീഴുന്ന വെള്ളച്ചാട്ടം. മനോഹരമായ പ്രകൃതി. പക്ഷെ ഇപ്പോള്‍ 
ശുഷ്കമായ ജലപാതം. അതിന്റെ താഴെ ഭാഗത്ത്‌ ആരൊക്കെയോ ഭക്ഷണം കഴിച്ചുപെക്ഷിച്ച പേപ്പര്‍ പ്ലെയിറ്റുകള്‍. 

 സന്ദര്‍ശന സമയം ശരിയല്ല എന്ന് മനസ്സിലായി. അതികനേരം അവിടെ നിന്നില്ല. അടുത്തുള്ള കടയില്‍ നിന്നും ഒരു ചായകുടിച്ചു. പഞ്ചസാരകുഴംമ്പ്. യാത്ര തുടര്‍ന്നു. 



കാപ്പി തോട്ടങ്ങള്‍ക്ക് നടുവിലൂടെ കെമ്മാന്‍ഗുണ്ടിയിലേക്ക്.

മല കയറുമ്പോള്‍ താഴ്വാരത്തിന്റെ ഭംഗി ഒരു സുന്ദരമായ കാഴ്ചയാണ്. പക്ഷെ അന്തരീക്ഷത്തിനു നല്ല ചൂടും.





കെമ്മാന്‍ഗുണ്ടി എത്തിച്ചേര്‍ന്നു. ഇവിടെ നിന്നാല്‍ സഹ്യന്റെ ഭംഗി നല്ലതുപോലെ ആസ്വദിക്കാം.




റോസ് ഗാര്‍ഡനില്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു



വെയില്‍ മൂത്ത് കഴിഞ്ഞു. ഇവിടെ നിന്നാണ് "Z" പോയിന്റിലേക്ക് ട്രെക്കിംഗ്. ചൂട് കാരണം അതുപേക്ഷിച്ചു. 

തിരികെ റോഡിലിറങ്ങി. ഹെബ്ബെ ഫാള്‍സിലേക്ക് തിരിയുന്ന വഴി എത്തി. ജീപ്പുകള്‍ കാത്തു കിടക്കുന്നു 8 കിലോമീറ്റര്‍ സഞ്ചരിക്കണം. ജീപ്പ് മാത്രമേ പോകൂ. 700 രൂപയാണ് ചാര്‍ജ്ജ്. ലാന്സി യുടെ പരിചയക്കാരുമുണ്ട്. ലാന്സി അവരോടു സംസാരിച്ചു. തിരികെ വന്നു പറഞ്ഞു. പോയിട്ട് കാര്യമില്ല വെള്ളമൊട്ടുമില്ല.  അതും ഉപേക്ഷിച്ചു. 

ലാന്‍സിയുടെ നല്ല മനസ്സിന് നന്ദി. കേരളത്തില്‍ ആയിരുനെങ്കില്‍ അവിടെ കൊണ്ടുപോയിട്ടു അതിന്റെ കമ്മീഷന്‍ അടിച്ചേനെ.


. വനപാതയിലേക്ക് തിരിഞ്ഞു. അവിടെ ഒരു ഫോറസ്റ്റ് ചെക്ക്പോസ്റ്റുണ്ട്. 15 കിലോമീറ്റര്‍ മോശമായ വഴിയാണ്. സൂക്ഷിച്ചു പോകണം. അവര്‍ മുന്നറിയിപ്പ് നല്‍കി. 

പൊട്ടിപൊളിഞ്ഞ വഴിയിലൂടെ യാത്ര തുടര്‍ന്നു. ഇടതിങ്ങിയ വനത്തില്‍ക്കൂടിയും പുല്‍മേടുകള്‍ക്ക്‌ നടുവിലൂടെയും. 



Lancy and Suresh.












നേരം ഉച്ചയോടടുക്കുന്നു. നല്ല വെയില്‍. അടുത്ത ലക്‌ഷ്യം ബാബാ ബുദന്റെ ദര്‍ഗയാണ്. അവിടേക്ക് പ്രവേശിക്കുന്ന സ്ഥലമെത്തി.

അടുത്ത പണി കിട്ടി. റോഡ്‌ കോണ്ക്രീറ്റ് ചെയ്യുകയാണ്. വാഹനങ്ങള്‍ വിടുന്നില്ല. രണ്ടര കിലോമീറ്ററോളം നടക്കണം മുകളില്‍ ചെല്ലാന്‍. കൊടും വെയിലില്‍ പറ്റിയ പണി. അതും സ്വപ്നമായി അവശേഷിച്ചു.

യാത്ര തുടരാന്‍ തുടങ്ങിയപ്പോള്‍ ലാന്സിക്കൊരു ഫോണ്‍. എവിടെയാണ്?.

കാരണം. ചികമഗലൂരില്‍ IG റോഡിനു സമാന്തരമായുള്ള MG റോഡിലുള്ള പള്ളിയില്‍ ആരോ പന്നിയെ കയറ്റിവിട്ടു. റോഡ്‌ അടച്ചിട്ടു പൊരിപ്പന്‍ അടി. പോല്സിന്റെ വക ബാക്കിയടി. ഇപ്പോള്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

നമ്മള്‍ ചെല്ലുമ്പോള്‍ എല്ലാം ശരിയാകുമായിരിക്കും. ലാന്സി സമാധാനിച്ചു.



അല്പം മുന്‍പോട്ടു ചെന്നപ്പോള്‍ കുറെ വീടുകളും കടകളും. മണി ഒന്നര കഴിഞ്ഞിരിക്കുന്നു നല്ല വിശപ്പ്‌. അവിടെ ഒരു ചെറിയ ഹോട്ടലില്‍ കയറി. ചിക്കനും ചോറും പറോട്ടയും ഓംലെറ്റും. നിറച്ചു കഴിച്ചു. ഇടയ്ക്കു ഊര്‍ജ്ജദായനി കഴിച്ചതല്ലേ.

നല്ല ഭക്ഷണം. വലിയ വിലയുമില്ല.


അല്പം താഴെയായി വെള്ളം മുകളില്‍ നിന്നും ഒഴുകി വരുന്നു. രണ്ട്‌ കിലോമീറ്റര്‍ താഴേക്ക്‌ നടന്നിറങ്ങാമെങ്കില്‍ ഇത് വെള്ളച്ചാട്ടമായി വീഴുന്നത് കാണാം. പോയില്ല..

നേരെ മുല്ല്യാന്ഗിരി പീക്കിലേക്കു.






മുല്ല്യാന്ഗിരി പീക്കില്‍ എത്തി. മണി മൂന്നു കഴിഞ്ഞെങ്കിലും സൂര്യന്‍ കത്തി ജ്വലിച്ചു നില്‍ക്കുന്നു. മുകളിലേക്കുള്ള നടത്തം ഒഴിവാക്കി. കുറേനേരം ചുറ്റുമുള്ള പ്രകൃതി ആസ്വദിച്ചു. നാലുമണിയോടെ തിരികെ ചികമഗലൂരിനു പുറപ്പെട്ടു.

മനസ്സില്‍ അവിടുത്തെ സ്ഥിതിഗതികളെ പറ്റി മനസ്സില്‍ ഒരു ആശങ്ക..







ടൌണില്‍ എത്തിയപ്പോള്‍ ആകെ അമ്പരന്നു. കടകള്‍ മിക്കവാറും എല്ലാം തുറന്നിരിക്കുന്നു. ബസ്സുകളും മറ്റു വാഹനങ്ങളും ഓടുന്നു. ആകെയുള്ള വ്യതാസം പോലീസിന്റെ സജീവ സാനിധ്യം മാത്രം.

കേരളത്തിലായിരിന്നുവെങ്കില്‍ ഒരു മുന്ന് ദിവസത്തെ ഹര്‍ത്താല്‍ ആഘോഷിക്കാമായിരിന്നു.

ലാന്‍സിയെ പണം നല്‍കി പറഞ്ഞയച്ചു. ലാന്സി ഫോണ്‍ നമ്പര്‍ തന്നു 9902690103.
അടുത്ത പ്രാവശ്യം വരുമ്പോള്‍ വിളിക്കണം.

രാത്രി വിശ്രമിച്ചു. രാവിലെ ഭക്ഷണത്തിനു ശേഷം കലാസക്കുള്ള ബസ് പിടിച്ചു
ഏതാണ്ട് 100 കിലോമീറ്റര്‍ ദൂരമുണ്ട്.


ഉച്ചയോടെ കലാസയില്‍ എത്തി. ഭദ്രാ നദീ തീരത്തെ ഒരു ചെറിയ പട്ടണം. അമ്പതു വര്‍ഷം പുറകിലേക്ക് പോയത് പോലെ. 90 ശതമാനം കടകളും ഓടിട്ടു, നിരപ്പലകകളോ തടികൊണ്ടുള്ള തട്ടിയോ ഉപയോഗിക്കുന്നവ.

 ഹോരനാടൂ ക്ഷേത്രത്തിലേക്കുള്ള വഴി ഇവിടെ നിന്നാണ് തുടങ്ങുന്നത്. ക്രിസ്തമസ് അവധിക്കാലമായതിനാല്‍ ധാരാളം ടൂറിസ്റ്റ് വാഹനങ്ങള്‍ അമ്പലത്തിലേക്ക് പോകുന്നു.

(c)www.ghumakkar.com

 ഹോട്ടല്‍ ചന്ദന്‍ ലോഡ്ജിലാണ് മുറി ബുക്ക്‌ ചെയ്തിട്ടുള്ളത്. ബസ് സ്ടാന്റിനടുത്തുതന്നെ. നല്ല മുറി വലിയ റേറ്റ് ഒന്നുമില്ല. ആകെ ഉള്ള പ്രശ്നം കന്നഡ മാത്രം അറിയാവുന്ന ജീവനക്കാരാണ്. പിന്നെ ഹിന്ദി അറിയാവുന്ന ഒരുത്തനെ അവര്‍ തപ്പിക്കൊണ്ടു വന്നത് കൊണ്ട് രക്ഷപെട്ടു. അവന്‍ കൊണ്ടുവന്ന ഫ്രൈഡ് റൈസും ചിക്കനും കഴിച്ചു. മോശമില്ല.

ഇന്നിവിടെ വിശ്രമിച്ചു രാവിലെ 20 കിലോമീറ്റര്‍ അപ്പുറമുള്ള കുദ്രേമുഖില്‍ ജീപ്പ് സഫാരി. ഇതാണ് പ്ലാന്‍.

പുറത്തേക്കിറങ്ങി. അല്പം മദ്യം വാങ്ങണം. ജീപ്പ് ബുക്ക്‌ ചെയ്യണം. ഹോട്ടലിന്റെ താഴെ വൈന്‍ ഷോപ്പാണ് അടുത്ത് തന്നെ വേറെ രണ്ടെണ്ണം കൂടിയുണ്ട്. അവിടെ തന്നെ കയറി.

സെയില്‍സ്മാന്‍ മലയാളം സംസാരിക്കും. അപ്പനും അമ്മയും മലയാളികള്‍ പക്ഷെ അവന്‍ ജനിച്ചതും വളര്‍ന്നതും കലാസയില്‍. അവനോടു കാര്യങ്ങള്‍ പറഞ്ഞു. പുള്ളി അവിടെ ഉണ്ടായിരുന്ന ഒരു ജീപ്പ് ഡ്രൈവറോട് പരിഭാഷ നടത്തി.

മറുപിടി കേട്ടപ്പോള്‍ ചങ്ക് തകര്‍ന്നു പോയി. കുദ്രേമുഖില്‍ ഉണ്ടായിരുന്ന ഇരുമ്പ് അയിര് കമ്പനി സുപ്രീം കോടതി വിധി മൂലം പൂട്ടി. ഇപ്പോള്‍ വനം വകുപ്പ് അകത്തേക്കുള്ള വാഹന പ്രവേശനം പൂര്‍ണമായി തടഞ്ഞിരിക്കുകയാണ്. ട്രെക്കിങ്ങിനു അവരുടെ അനുമതിയോടെ പോകാം. അല്ലാതെ ജീപ്പിലെ സഫാരി നടക്കില്ല.

ട്രെക്കിംഗ് നടത്താന്‍ സമയമില്ല. വെറുതെ  ഇവിടെ വരെ വന്നു
എന്നാല്‍ പിന്നെ ആഘോഷിച്ചെക്കാം.

ശരിക്കാഘോഷിച്ചു.. കിടന്നുറങ്ങി.

രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം മംഗലാപുരത്തിനുള്ള ബസ് പിടിച്ചു
കുദ്രെമുഖ് മലനിരകള്‍ക്കു അരികിലൂടെ ഏതാണ്ട് നൂറില്‍ പ്പരം കിലോമീറ്റര്‍.









ഉച്ച കഴിഞ്ഞു മംഗലാപുരതെത്തി. അവിടെ നിന്നും ട്രെയിനില്‍ മലയാളമണ്ണിലേക്ക്.

അനുബന്ധം.

മണ്‍സൂണ്‍ കഴിഞ്ഞ ശേഷം ആഗസ്റ്റ്‌ അവസാനം മുതല്‍ ഡിസംബര്‍ ആദ്യം വരെയാണ് ചികമഗലൂര്‍ ആസ്വദിക്കാന്‍ പറ്റിയ സമയം.


ഏതെങ്കിലും സ്ഥലത്ത് തൊഴിലിനായി പോയിട്ടുള്ളവനോട് ചോദിച്ചു അവിടെ ടൂര്‍ പോകരുത്.











No comments: