Tuesday, August 5, 2014

നേപ്പാള്‍ 2 - കാട്ട്മണ്ടു, തലസ്ഥാന നഗരം...

മനക്കമാനാ അമ്പലത്തില്‍ നിന്നും യാത്ര തുടരുകയാണ്. ഇനി നൂറു കിലോമീറ്റര്‍ സഞ്ചരിക്കണം കാട്ട്മണ്ടു എത്താന്‍.

നേപ്പാള്‍ ഒന്നാം ഭാഗം വായിക്കാന്‍


നേപ്പാള്‍ 1- മനാക്കമാനാ ദേവിയുടെ സവിധത്തിലേക്കു.

ഗൈഡ് ഇപ്പോള്‍ മറ്റേ വാഹനത്തില്‍ ആണ്. ഞങ്ങള്‍ സുരേഷ്,ഞാന്‍, നമ്മുടെ കിച്ചന്‍ ബോയ്സ്, കൂടാതെ പുതിയ ഒരാള്‍.

മാടമ്പ് കുഞ്ഞികുട്ടന്‍ തമ്പുരാന്‍  എന്നറിയപ്പെടുന്ന മാടമ്പ് ശങ്കരന്‍ നമ്പൂതിരിയുടെ സഹോദരന്‍ മാടമ്പ് ചിത്രഭാനു.

അദ്ദേഹവും ഭാര്യയും ത്രിശുരിലില്‍ നിന്നാണ് ട്രെയിനില്‍  കയറിയത്.

 അദ്ദേഹം സഹോദരനെ പോലെ ഒരു കലാകാരനല്ല , ഒരു നല്ല കര്‍ഷകന്‍ ആണ്. പ്രകൃതിയെ അറിയുന്നവന്‍.

കുറെ ദൂരം കൂടി സഞ്ചരിച്ചു. മണി അഞ്ചര കഴിഞ്ഞു. ഒരു ചായ കുടിക്കണം,
ഒരു പരമ്പരാഗതമായ ചായക്കടയുടെ മുന്‍പില്‍ നിര്‍ത്തി.



 അവിടെ പാല് തീര്‍ന്നു. കട്ടന്‍ചായ കൊണ്ട് തൃപ്തിപ്പെടെണ്ടി വന്നു. പക്ഷെ അവിടെയും നമ്മുടെ മരുന്ന് കിട്ടും. യേത്..




നേപ്പാളി പലഹാരങ്ങള്‍ക്ക് ഒപ്പം മറ്റൊരു കാഴ്ച. മീന്‍ വറുത്തു കിളിക്കൂട്‌ പോലെയാക്കി തൂക്കി ഇട്ടിരിക്കുന്നു.


മലനിരകള്‍ക്കു മുകളില്‍ വെണ്‍മേഘ തുണ്ടുകള്‍. മനോഹരമായ ദൃശ്യം. യാത്ര തുടര്‍ന്നു. സൂര്യന്‍ അസ്തമിച്ചു തുടങ്ങി.



തകര്‍ന്ന വഴിയിലൂടെയാണ് ഇപ്പോള്‍ യാത്ര. തലങ്ങും വിലങ്ങും ചരക്കുലോറികള്‍. പൊടിപടലം. കൂട്ടത്തില്‍ എസിഇടാതെ ഗ്ലാസ് തുറന്നിട്ട്‌ ഓടിക്കുന്ന ഡ്രൈവറും. ശരിക്കും അനുഭവിച്ചു.

ഏതാണ്ട് എട്ടരയോടെ കാട്ട്മണ്ടുവിലെ ഹോട്ടലില്‍ എത്തി. സഞ്ചരിക്കുന്ന കിച്ചെന്‍ ഒരു മണിക്കൂറുകൊണ്ട് അത്താഴം ഉണ്ടാക്കി. അതും കഴിച്ചു ഉറങ്ങി.

രാവിലെ ബ്രേക്ക്‌ഫാസ്റ്റിനു ശേഷം നഗര കാഴ്ചകളിലേക്ക് ഇറങ്ങി.

ഇടുങ്ങിയ തെരുവുകള്‍. നൂറ്റാണ്ടുകളുടെ പഴമ.....




ആദ്യ ലക്‌ഷ്യം നാരായണ്‍ഹിതി കൊട്ടാരം. നേപ്പാള്‍ രാജാക്കാന്‍മാരുടെ ആസ്ഥാന വാസസ്ഥലം ആയിരുന്ന ഈ കൊട്ടാരം 2006 ലെ വിപ്ലവത്തിന് ശേഷം
ജനകീയ സര്‍ക്കാര്‍ ഒരു മ്യുസിയം ആക്കി മാറ്റുകയാണ് ഉണ്ടായത്.


ഞങ്ങള്‍ ചെന്നപ്പോള്‍  അവധി ദിനം. തീര്‍ത്ഥാടക സംഘങ്ങളെ മാത്രം കൊണ്ട് പാകെജ് ചെയ്തിരുന്നവര്‍ ചെയ്‌താല്‍ ഇങ്ങനെയിരിക്കും. 

പാന്റു മാറ്റി കാവി മുണ്ട് ഉടുത്താലോ എന്നാലോചിച്ചു. കാരണം ഇനിയങ്ങോട്ട് ദേവാലയ ദര്‍ശനങ്ങള്‍  മാത്രമേ ഉള്ളൂ.

അടുത്ത ലക്ഷ്യമായ പശുപതിനാഥ് ക്ഷേത്രത്തിലേക്ക് നീങ്ങി. ഇടുങ്ങിയ തെരുവുകള്‍. പാര്‍ക്കിംഗ് അല്പദൂരം മാറിയാണ് കിട്ടിയത്. അവിടെ നിന്നും ക്ഷേത്ര സമുച്ഛയത്തിലേക്ക് നടന്നു.



പുരാതന ഭാരതത്തിലെ പന്ത്രണ്ട് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ശിവന്‍ പശുക്കളുടെ നാഥന്‍ ആയി പൂജിക്കപ്പെടുന്നു. പഗോഡ ആകൃതിയില്‍ ഉള്ള ക്ഷേത്രം മറ്റു മന്ദിരങ്ങള്‍ കൊണ്ട് മറഞ്ഞിരിക്കുന്നു.



ചെരുപ്പുകള്‍ വെളിയില്‍ സൂക്ഷിച്ചിട്ടു വേണം ക്ഷേത്രത്തിലേക്ക് നടക്കാന്‍. ദര്‍ശനം ഒരു ലക്ഷ്യമാല്ലാത്തതുകൊണ്ട് സമുച്ചയം ചുറ്റി നടന്നു കാണാന്‍ തീരുമാനിച്ചു.




പലവിധ വേഷങ്ങള്‍ അണിഞ്ഞ സന്യാസിമാര്‍, അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കള്‍, പ്രാവുകള്‍, വിശാലമാണ് സമുച്ചയം.








നടന്നു ചെന്നെത്തിയത് പശുപതിനാഥ് ക്ഷേത്രത്തിനു പുറകില്‍ കൂടി ഒഴുകുന്ന ബാഗ്മതി നദീ തീരത്താണ്. 

അവിടെ മറ്റൊരു കാഴ്ച. നിരനിരയായി ഒരുങ്ങുന്ന ചിതകള്‍. അവയില്‍ സ്വര്‍ലോക പ്രാപ്തിക്കായി കിടക്കുന്ന ശരീരങ്ങള്‍. ചിതകള്‍ കത്തിക്കാന്‍ സ്ഥിരം തൊഴിലാളികള്‍, പൂജാരികള്‍. 



കുറെ നേരം അത് കണ്ടു നിന്നു. ആംബൂലന്സുകളില്‍ ശവങ്ങള്‍ വന്നു കൊണ്ടേയിരിക്കുന്നു. 

കത്തിതീര്‍ന്ന ചിതകളിലെ ചാരം ബാഗ്മതിയിലേക്ക് തള്ളിവിടുന്നു. 
മറുകരയില്‍ ജനം വിശുദ്ധസ്നാനം ചെയ്യുന്നു.

ആ നദിയുടെ ഒരു അവസ്ഥ... ഗംഗയുടെ ഒരു നേപ്പാള്‍ പതിപ്പ്.

തിരികെ നടന്നു. വാഹനം പാര്‍ക്കുചെയ്തിടത്തു എത്തി. ഭക്തര്‍ ആരും വന്നിട്ടില്ല. 
വഴിയോര കച്ചവടക്കാരിയില്‍ നിന്നും 10 രൂപ കൊടുത്തു ഒരു ചായ കുടിച്ചു. മസാലയിട്ട സുന്ദരന്‍ ചായ.

അപ്പോഴേക്കും എല്ലാവരും എത്തി. തീര്‍ത്ഥാടനം തുടര്‍ന്നു.

ബാഗ്മതി തീരത്ത് തന്നെയുള്ള ഗുഹ്യേശ്വരി ക്ഷേത്രം ആണ് ലക്‌ഷ്യം. അവിടെയെത്തി. ഒരു ചെറിയ തൂക്കുപാലം കടന്നു വേണം മറുകരയുള്ള സമുച്ചയത്തില്‍ എത്താന്‍.




17)൦ നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം ഒരു ചെറിയ കുന്നിന്മുകളില്‍ ആണുള്ളത്. ഇവിടം "യോദ്ധാ" സിനിമയുടെ ഒരു ലൊക്കേഷന്‍ ആണ്.

സ്ത്രീ ശക്തിയെ പ്രധിനിധാനം ചെയ്യുന്ന ക്ഷേത്രം സതീ ദേവിയുടെ നാമത്തിലാണുള്ളത്. പേര് പോലെ തന്നെ സ്ത്രീയുടെ ഗൂഹ്യ ഭാഗമാണ് പ്രതിഷ്ഠ.

മറുകരയെത്തി. കമാനത്തില്‍ ഒരു മുന്നറിയിപ്പ് "അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല". 


ശരി. ഇനി ഞാന്‍ കയറിയാല്‍ ദേവി ഇറങ്ങി പോയെങ്കിലോ?.. തിരികെ ഇങ്ങേ കര വന്നു. അവിടെ ഉള്ള കടയില്‍ ഇരിന്നു ബിയര്‍ അടിച്ചു.

തിരികെ വന്ന സന്തോഷ്‌ ഫോട്ടോകള്‍ കാണിച്ചു.. നല്ല സ്ഥലം . പോകേണ്ടാതായിരിന്നു.









 തീര്‍ത്ഥാടനം വീണ്ടും ...  അടുത്തതു ഒരു പ്രമുഖ ബുദ്ധ സ്തൂപം ആണ് ബൌദ്ധനാഥ്. 

ഗുഹ്യേശ്വരിയില്‍ നിന്നും അധികം ദൂരമില്ല.  AD 5 ആം  നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്ന് വിശ്വസിക്കുന്ന ഈ സ്തൂപം ഒരു കാലത്ത് ലോകത്തില്‍ ഏറ്റവും വലുതായിരിന്നു. 



ഈ സ്തൂപത്തിനു ചുറ്റുമായി ഏതാണ്ട് 500 അടി നീളത്തില്‍ പ്രദര്‍ശിന വഴിയാണ്. 

സ്തൂപത്തിനു വലംവക്കുക അതോടൊപ്പം ചുറ്റുമുള്ള പ്രാര്‍ത്ഥന ചക്രങ്ങള്‍ തിരിക്കുക, നെയ്‌വിളക്കുകള്‍ സമര്‍പ്പിക്കുക, പ്രാര്‍ത്ഥന ആലേഖനം ചെയ്ത തോരണങ്ങള്‍ ഉയര്‍ത്തുക, തുടങ്ങിയവയാണ് ആരാധനാ രീതികള്‍.




ഞങ്ങള്‍ ചെന്നപ്പോള്‍ അടുത്തുള്ള ഏതോ സന്യാസ മഠത്തില്‍ നിന്നും ഒരു സംഘം സ്തൂപത്തിനു വലംവക്കാന്‍ വന്നു.




അവര്‍ കടന്നതിനു പിന്നാലെ ഞങ്ങളും പ്രദിക്ഷണം തുടങ്ങി. ചുറ്റുമുള്ള കെട്ടിടങ്ങളിലെ താഴ്നിലകള്‍ മിക്കവാറും കടകള്‍ ആണ്. കൂടുതലും കരകൌശല വസ്തുക്കള്‍. പിന്നെ കുറെ ബുദ്ധസന്യാസ മഠങ്ങളും.




Rajive forn Neyyattinkara

Suresh



"യോദ്ധ" യിലെ ഉണ്ണിക്കുട്ടന്മാര്‍ നടന്നു പോകുന്നു... ഇതില്‍ ആരാണോ "റിമ്പോച്ച"

കടകളില്‍ നിന്നും  ഞങ്ങളും വാങ്ങി ചില്ലറ സാധനങ്ങള്‍. 
മണി രണ്ടായി. വയറിനുള്ളില്‍ നിന്നും വിളി തുടങ്ങി...  "ബുദ്ധം ശരണം ഗച്ചാമി"

തിരിച്ചു ഹോട്ടെലില്‍ എത്തി. ഭക്ഷണം "പയ്യന്‍സ്" റെഡിയാക്കി വച്ചിരിക്കുകയാണ്. പക്കാ പച്ചക്കറി... ഞങ്ങള്‍ തീര്‍ത്ഥാടകര്‍ ആണല്ലോ..

മൂന്നര ആയപ്പോള്‍ വീണ്ടും യാത്ര തുടര്‍ന്നു. ലക്‌ഷ്യം "സ്വയംഭൂ നാഥ്" 

വൃക്ഷങ്ങള്‍ നിറഞ്ഞ ഒരു കുന്നിന്‍ മുകളില്‍ ഉള്ള ഒരു ബുദ്ധ സ്തൂപമാണ് സ്വയംഭൂ നാഥ്. AD 5 ആം നൂറ്റാണ്ടില്‍ നിര്‍മിച്ചു എന്ന് കരുതുന്ന ഇവിടം ഒരു യുനെസ്കോ പൈതൃക സംരക്ഷണ സ്ഥലമാണ്.

 2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് കാട്ട്മാണ്ടൂ താഴ്വാരം ഒരു വലിയ തടാകമായിരിന്നു. അതിനു നടുവിലായി ഒരു താമരപ്പൂ വിരിഞ്ഞു നീന്നിരിന്നു. ബോധി സ്വത്വന്‍ തന്റെ വാള് കൊണ്ട് ഒറ്റ വെട്ടിനു തടാകത്തിലെ ജലം മുഴുവന്‍ ഒഴുക്കി വിട്ടു. അപ്പോള്‍ ആ താമരപ്പൂ ഒരു കുന്നിന്‍ മുകളില്‍ ഉറക്കുകയും ഒരു സ്തൂപമായി പരിണമിക്കുകയും ചെയ്തു. അങ്ങനെ ആണ് ഈ സ്തൂപത്തിനു 
"സ്വയംഭൂ നാഥ്"  എന്ന പേര് കിട്ടിയത്.

 ബുദ്ധ മത വിശ്വാസ പ്രകാരം ഉള്ള ഐതിഹ്യമാണിത്.

കുന്നിന്റെ കുറെ ഭാഗം വരെ വാഹനങ്ങള്‍ ചെല്ലും. അവിടെയാണ് പാര്‍ക്കിംഗ്. അല്പം മുകളിളില്‍നിന്നും 365 പടികള്‍ കയറി വേണം സ്തൂപതിനരികിലേക്ക് ചെല്ലാന്‍.


 ഇവിടെ ഐതിഹ്യത്തിനു ഉപോല്‍ബലകം ആകും വിധം ഒരു ചെറിയ കുളവും,അതില്‍ താമരയില്‍ നില്‍ക്കുന്ന ബുദ്ധന്റെ ശില്പവും ഉണ്ട്.

നല്ല തണുത്ത കാറ്റ് വീശുന്നു. ഇവിടെ നിന്നുള്ള കാട്ട്മണ്ടു താഴ്‌വരയുടെ കാഴ്ച്ച മനോഹരമാണ്.


ഇവിടെ വച്ച് യാത്രാ സംഘത്തിന്റെ ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തു.



മുകളില്‍ പോകുന്ന പടികള്‍ കണ്ടപ്പോള്‍ തന്നെ സന്തോഷിന്റെ ഫോട്ടോകളെ ആശ്രയിക്കാം എന്ന് തീരുമാനിച്ചു. 


അവിടെ തന്നെ ആ കാറ്റും പ്രകൃതിയും ആസ്വദിച്ചു ഇരിന്നു.

ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പോയവര്‍ എല്ലാം തിരികെ വന്നു. സന്തോഷ്‌ എടുത്ത കുറച്ചു ഫോട്ടോകള്‍ ചേര്‍ക്കുന്നു.










തീര്‍ത്ഥാടനം തുടരുകയാണ്. അടുത്തത് "ബുദ്ധ നീലകണ്ഠന്‍". ബാലാജു ഗാര്‍ഡന്‍ എന്ന ചെറിയ പൂന്തോട്ടത്തിലെ ഒരു ചെറിയ കുളത്തില്‍ കിടക്കുന്ന രീതിയില്‍ നിര്‍മിച്ചിട്ടുള്ള ഒരു പ്രതിമയാണിത്.

നീലകണ്ഠന്‍ ശിവനാണ് എങ്കിലും ഈ നീലകണ്ഠന്‍ വിഷ്ണു ആണ്. 



പ്രതിമയുടെ നിര്‍മ്മാണം കണ്ടപ്പോള്‍ ബുദ്ധമതത്തിന്‍ മേല്‍ ഹിന്ദു മതം നടത്തിയ അധിനിവേശം അല്ലേ എന്ന് തോന്നി.

അരികില്‍ ഭജന നടത്തുന്ന സംഘം. ഭജനയോടൊപ്പം പൂജകളും നടത്തുന്നു.


എന്തിനു ഇതുപോലെയുള്ള സ്ഥലങ്ങളില്‍ സമയം കളയുന്നു?

 പിന്നെ മനസ്സിലായി. സമയക്കുറവു പറഞ്ഞ് 35 കിലോമീറ്റര്‍ അകലെയുള്ള നാഗര്‍ കോട്ട് എന്ന പ്രകൃതിഭംഗി നിറഞ്ഞ പ്രദേശം ഗൈഡ് സുന്ദരമായി ഒഴിവാക്കി. 

അവിടെ നിന്നാല്‍ എവറെസ്റ്റ് കൊടുമുടി കാണാമായിരിന്നു. കൂടാതെ മനോഹരങ്ങളായ ഉദയാസ്തമനങ്ങളും. 

വൃത്തികെട്ട ബുദ്ധി.

സന്ധ്യ ആയിരിക്കുന്നു വാഹനങ്ങള്‍ നേരെ ഭക്തപ്പുര്‍ എന്ന സ്ഥലത്താണ് ചെന്നത്. ഒരുകാലത്ത് നേപ്പാളിന്റെ തലസ്ഥാനം ആയിരുന്ന ഇവിടെ 15 - 16 നൂറ്റാണ്ടുകളില്‍ നിര്‍മ്മിച്ച പഗോഡ ആകൃതിയില്‍ ഉള്ള ക്ഷേത്രങ്ങള്‍ ആണ് ആകര്‍ഷണം. കൂടാതെ ബാല്‍ക്കണിയില്‍  55 ജനലുകളോട് കൂടിയ ഒരു പുരാതന കൊട്ടാരവും കാണാം.









രാത്രി ആയിരിക്കുന്നു. തിരികെ ഹോട്ടലില്‍ എത്തി. ഫ്രഷ്‌ ആയി പുറത്തിറങ്ങി സന്ധ്യക്കുള്ള മരുന്ന് വാങ്ങി. അതും കഴിച്ചു ഭക്ഷണവും. 

നാളെ ഈ നഗരത്തോട് വിട പറയുകയാണ്‌. പൊഖ്രയിലേക്ക് അവിടവും ഇതുപോലെ തീര്‍ത്ഥാടനം ആകാതിരുന്നാല്‍ മതിയായിരിന്നു.

കിച്ചന്‍ ബോയ്സും ഞങ്ങളെയും കൊണ്ടുവന്ന വാഹനങ്ങളും രാത്രിതന്നെ പുറപ്പെട്ടു. ഞങ്ങള്‍ക്ക് വിമാന യാത്രയാണ്..

രാവിലെ തന്നെ എയര്‍പോര്‍ട്ടില്‍ എത്തണം. ഉറങ്ങി..

പൊഖ്ര അടുത്ത ബ്ലോഗില്‍ എഴുതാം.