Saturday, July 19, 2014

നേപ്പാള്‍ 1- മനാക്കമാനാ ദേവിയുടെ സവിധത്തിലേക്കു.

ഇന്ത്യാക്കാര്‍ക്ക് വിസയും പാസ്പോര്‍ട്ടും ഇല്ലാതെ പോകാന്‍ കഴിയുന്ന രണ്ട്‌ രാജ്യങ്ങളില്‍ ഒന്നായ നേപ്പാളില്‍ പോകണം എന്നത് ഒരാഗ്രഹമായിരിന്നു.

അപ്പോഴാണ്‌ "യാത്ര" മാസികയില്‍ ഒരു ടൂര്‍ കമ്പനിയുടെ പരസ്യം കണ്ടത്. അവരെ വിളിച്ചു. ഗോരഖ്പൂര്‍ വരെയുള്ള യാത്രചിലവില്ലാതെ, നേപ്പാളിലെ 7 ദിവസ പാക്കേജിന് 17300/- രൂപ. ഭക്ഷണം,താമസം, മറ്റു യാത്രകള്‍ ഇവയെല്ലാം ഉള്‍പ്പെടും. മണ്ണാര്‍ക്കാട്ടുള്ള സുരേഷ് വരാന്‍ താല്‍പ്പര്യപ്പെട്ടു.

ഞങ്ങള്‍ പാക്കേജു ബുക്ക്‌ ചെയ്തു. എറണാകുളം - ഗോരഖ്പൂര്‍- എറണാകുളം തേര്‍ഡ് എസി ടിക്കെറ്റ് 4050 രൂപ വേറെയും കൊടുത്തു.

പോകുന്ന ദിനം അടുത്തു. രാവിലെ 10.15 നാണ് ട്രെയിന്‍. ഞാന്‍ തലേന്ന് തന്നെ എറണാകുളത്തു എത്തി ഒരു റൂമെടുത്തു.

രണ്ടര ദിവസത്തെ യാത്രയാണ്. ട്രെയിനില്‍ വച്ച് കഴിക്കാനുള്ള "മരുന്ന്" വാങ്ങിവച്ചു.

രാവിലെ സൌത്ത് സ്റെഷനില്‍ എത്തി. ടൂര്‍ കമ്പനി സ്റ്റാഫ്‌ എത്തിയിട്ടുണ്ട്. മൊത്തം പതിനാലു പേരാണ് സംഘത്തില്‍ ഉള്ളതെന്നാണ് പറഞ്ഞത്. നെയ്യാറ്റിന്‍കരയില്‍ നിന്നുള്ള സന്തോഷും രാജീവും ഉള്‍പ്പെടെ എട്ടുപേര്‍ ഇവിടെ എത്തിയിട്ടുണ്ട്. കൂടാതെ എസ്കോര്‍ട്ട് ആയി വയനാട്ടില്‍ നിന്നുള്ള അനൂപും. സുരേഷ് ഉള്‍പ്പെടെ ആറുപേര്‍ വഴിക്ക് കയറും.

കൃത്യ സമയത്ത് വണ്ടി പുറപ്പെട്ടു. സാഗര തീരത്തുനിന്നും രപ്തി നദീ തടത്തിലേക്ക്‌........ രപ്തിസാഗര്‍ എക്സ്പ്രെസ്സ്.


പാലക്കാടുനിന്നു  സുരേഷ് രണ്ടുമണിയോടെ ട്രെയിനില്‍ കയറിതോടെ ഗ്രൂപ്പ് പൂര്‍ണമായി.

ദീര്‍ഘമായ യാത്ര.  ഭക്ഷണം,മദ്യം, ഉറക്കം...  ട്രെയിനിലെ  ഭക്ഷണം                               മോശമില്ലായിരിന്നു.

മൂവായിരത്തില്‍ പരം കിലോമീറ്റര്‍ 55 മണിക്കൂറുകള്‍ കൊണ്ട് ഓടി മൂന്നാം ദിവസം വൈകിട്ട് 5 മണിയോടെ ഗോരഖ്പൂര്‍ റെയില്‍വേ സ്റെഷനില്‍ ഇറങ്ങി.

അവിടെ ഞങ്ങളുടെ ഗൈഡ് കാത്തു നില്‍പ്പുണ്ട്. പുള്ളിക്കാരന്‍ ഭുവനേശ്വറില്‍ നിന്നും നേരേ  ഇങ്ങോട്ട് പോന്നതാണ്.


പുരാതനമായ ഒരു വലിയ കെട്ടിടം. പഴമ നിറഞ്ഞിരിക്കുന്നു. നവീകരണ പ്രവര്‍ത്തങ്ങള്‍ നടക്കുന്നുണ്ട്.

പുറത്തേക്കിറങ്ങി. ഞങ്ങളെ കൊണ്ടുപോകാനുള്ള വാഹനങ്ങള്‍ തയ്യാറാണ്. അവയില്‍ കയറി.

വാഹനങ്ങളും  സൈക്കിള്‍ റിക്ഷകളും മനുഷ്യരും കന്നുകാലികളും നിറഞ്ഞൊഴുകുന്ന വീതി തീരെയില്ലാത്ത വീഥികളിലൂടെ രണ്ട്‌ കിലോമീറ്റര്‍ അകലെയുള്ള ഹോട്ടെലിലേക്ക്..

ഹോട്ടെല്‍ ഗംഗ, ഇന്ന് രാത്രി ഇവിടെ തങ്ങി നാളെ പുലര്‍ച്ചെ യാത്ര ആരംഭിക്കും.

ഞങ്ങള്‍ക്ക് മുന്‍പേ ഞങ്ങളുടെ കിച്ചന്‍ ടീം അവിടെയെത്തിയിട്ടുണ്ട്. രണ്ട്‌ പയ്യന്മാര്‍. ഒരാള്‍ ജന്മം കൊണ്ട് മലയാളി മറ്റവന്‍ തമിഴന്‍. ഇപ്പോള്‍ രണ്ട്‌ പേരും ഡെല്‍ഹിക്കാര്‍. ഇവര്‍ ഞങ്ങളുടെ കൂടെ സകല സാമഗ്രികളും കൊണ്ട് ഏപ്പോഴും ഉണ്ടാവും.

റോഡിനു അതിരിടുന്ന ഹോട്ടല്‍. പക്ഷെ നല്ല മുറി. മുറിയില്‍ നിന്നും ചാടിയാല്‍ റോഡില്‍ വീഴും.

ഒന്ന് ഫ്രെഷായി വന്നപ്പോഴേക്കും. ചായയും ബജിയും റെഡി. അതും കഴിച്ചു പുറത്തേക്കിറങ്ങി.

വഴിയിലെ തിരക്ക് കണ്ടപ്പോള്‍ മനസ്സിലായി എന്തുകൊണ്ട് ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകള്‍ ഉത്തര്‍പ്രദേശില്‍ വന്നു എന്ന്.

കരടിയെ തേന്‍കൂട് എവിടെയെന്നു ആരും കാണിച്ചു കൊടുക്കണ്ട
എന്ന് പറഞ്ഞത് പോലെ പത്തു മിനിട്ടിനുള്ളില്‍ ഞങ്ങളുടെ കാര്യം സാധിച്ചു ആ പൊടിയും ചാണകവും നിറഞ്ഞ വഴിയില്‍ നിന്നും തിരികെ റൂമിലെത്തി.

നാലെണ്ണം വിട്ടപ്പോഴേക്കും ഭക്ഷണം റെഡി. ചപ്പാത്തിയും ചിക്കനും വെജ് കറിയും. പയ്യന്മാരുടെ പാചകം നന്നായിട്ടുണ്ട്.

രാവിലെ ആറുമണിക്ക് യാത്ര ആരംഭിക്കണം. ഉറങ്ങി. അഞ്ചു മണിയായപ്പോള്‍ അനൂപ്‌ കട്ടനുമായി വന്നു വിളിച്ചു. കുളിച്ചു ഫ്രെഷായി ലെഗേജ് എല്ലാം എടുത്തു പുറത്തിറങ്ങി.

എല്ലാവരും എത്തിയിട്ടുണ്ട് വാഹനങ്ങളും. ആറുമണിക്ക് തന്നെ നേപ്പാളിലെക്കുള്ള യാത്ര തുടങ്ങി.


സൂര്യന്‍ ഉദിച്ചു വരുന്നു. രണ്ട്‌ വശവും കൃഷിയിടങ്ങള്‍ നിറഞ്ഞ വഴി. ഇടയ്ക്കു തേക്ക്തോട്ടങ്ങളും കാണാം.


നൂറു കിലോമീറ്ററോളം സഞ്ചരിക്കണം നേപ്പാള്‍ അതിര്‍ത്തിയില്‍ എത്താന്‍. അവിടെ എത്തുന്നതിനു പത്തു കിലോമീറ്ററോളം മുന്‍പില്‍ ഉള്ള ഒരു "ദാബ"യില്‍ വാഹനങ്ങള്‍ നിര്‍ത്തി. പ്രഭാത ഭക്ഷണം നമ്മുടെ കിച്ചന്‍ ബോയ്സ് തയാറാക്കി കൊണ്ടുവന്നിട്ടുണ്ട്. അത് കഴിക്കണം.


ഭക്ഷണ ശേഷം യാത്ര തുടര്‍ന്നു...

ഗൂര്‍ഖകളുടെ, യെതിയുടെ, നാട്ടിലേക്ക്.

ജനകമഹാരജാവിന്റെ മിധിലാപുരി (ജനക്പുരി) ഇപ്പോള്‍ ഉള്‍കൊള്ളുന്ന നേപ്പാള രാജ്യത്തിലേക്ക്.

ഒന്‍പതരയോടെ അതിര്‍ത്തിയായ സുനൌലിയിലെത്തി... ഒരു ഉത്തരെന്ദ്യന്‍ ഇടത്തരം പട്ടണം. റോഡില്‍ രണ്ട്‌ രാജ്യങ്ങളുടെയും സ്വാഗത കമാനങ്ങളുണ്ട്.
വഴിയില്‍ ചരക്ക് ലോറികളും. ഇതില്ലായിരുന്നുവെങ്കില്‍ രാജ്യം വിട്ടു പോകുന്നത് അറിയുകേയില്ല..

ഞങ്ങള്‍ അതിര്‍ത്തി കടന്നു നേപ്പാള്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ മുന്‍പില്‍ വാഹനങ്ങള്‍ നിര്‍ത്തി. ഇവിടെ നിന്നും താല്‍കാലിക പെര്‍മിറ്റ്‌ എടുക്കണം.

കുറച്ചു സമയം അവിടെ ചിലവഴിക്കാന്‍ ലഭിച്ചു.





നമ്മുടെ രൂപയേക്കാള്‍ വില കുറവാണ് നേപ്പാളി രൂപക്ക്. ഒരു ഇന്ത്യന്‍ രൂപക്ക് 1.60 നേപ്പാളി രൂപ ലഭിക്കും. പക്ഷെ മാറി എടുക്കണ്ട ആവശ്യവുമില്ല. 100 രൂപയും അതില്‍ താഴെയുള്ളതുമായ എല്ലാ ഇന്ത്യന്‍ നോട്ടുകളും നേപ്പാളില്‍ ചിലവാകും.

എന്നിട്ടും ഞങ്ങള്‍ കുറച്ചു പണം മാറ്റി..



നൂറ്റിഇരുപത്തഞ്ചു രൂപ കൊടുത്തു ഒരു മൊബൈല്‍ സിം കൂടി വാങ്ങി. ഫോട്ടോയും ഒര്‍ജിനല്‍ ഐഡിയും നിര്‍ബന്ധം.

തിരികെ വന്നപ്പോഴേക്കും വാഹനങ്ങള്‍ താല്‍ക്കാലിക രേജിസ്ട്രെഷനുമായി റെഡി..

യാത്ര തുടര്‍ന്നു..

ഉത്തര്‍പ്രദേശിനോട് ചേര്‍ന്നു കിടക്കുന്ന സമതല പ്രദേശത്ത് കൂടിയാണ് യാത്ര. ഇരുവശവും കണ്ണെത്താദൂരത്തോളം നെല്‍പ്പാടങ്ങള്‍. നേപ്പാളിന്റെ നെല്ലറയായ ടറായി മേഖലയാണിത്.




അങ്ങകലെയായി ഹിമാലയ നിരകള്‍ കാണാം. സുന്ദരമായ വഴി. ഇത് ഈസ്റ്റ് വെസ്റ്റ്‌ ഹൈവേയാണ്.

ഭരത്പൂര്‍ നഗര പ്രാന്തത്തില്‍ക്കൂടി ഒഴുകുന്ന നാരായണി നദി കടന്നു.



ഈ സ്ഥലം നാരായണ്‍ ഘാട്ട് എന്നാണ് അറിയപ്പെടുന്നത്. ഇവിടെ നിന്നും 40 കിലോമീറ്റര്‍ അകലം ഉണ്ട് ആദ്യ ലക്ഷ്യമായ മനാക്കമാനാ അമ്പലത്തിലേക്ക്.

ഇനിയാണ് മലനിരകള്‍ ആരംഭിക്കുന്നത്.  ഒരു വശത്ത് നാരായണി നദി മറുവശത്ത് മലനിരകള്‍.




മുഗ്ലിംഗ് എന്ന സ്ഥലത്തുവച്ച് തയ്യാറാക്കി കൊണ്ടുവന്ന വെജിറ്റബിള്‍ ബിരിയാണി കഴിച്ചു. ഒരു ചെറിയ ഹോട്ടല്‍. അവര്‍ തയാറാക്കി തന്ന ഓംലെറ്റ്‌ ഞങ്ങള്‍ പ്രത്യേകമായി വാങ്ങി. നേപ്പാളിലെ മദ്യ വില്പന ഇന്ത്യക്കാരെ അത്ഭുതപ്പെടുത്തും. മിക്കവാറും എല്ലാ കടകളിലും ലഭ്യം.

 ഇനി അല്‍പദൂരം കൂടി മാത്രം ആദ്യ ലക്ഷ്യമായ മനാക്കമാനായിലേക്ക്...

4270 അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പണ്ട് മണിക്കൂറുകള്‍ നടന്നായിരിന്നു ഭക്തര്‍ അവിടെ എത്തിച്ചെര്‍ന്നിരുന്നത്. ഇപ്പോള്‍ കേബിള്‍ കാര്‍ സംവിധാനം റെഡി.

ഗ്രൌണ്ട് സ്റേഷന്‍ എത്തി. ഒരാള്‍ക്ക്‌ 575 NPR ആണ് ടിക്കെറ്റ് ചാര്‍ജ്. 350 ഇന്ത്യന്‍ രൂപ.ഞങ്ങള്‍ ടികെറ്റ് എടുത്തു ഗോണ്ടോളക്കുള്ളില്‍ കടന്നു.





മൂന്നു കിലോമീറ്ററില്‍ താഴെയുള്ള ദൂരം 10 മിനിടുകൊണ്ട് സഞ്ചരിക്കും.
ആസ്ട്രിയന്‍ നിര്‍മ്മിതിയാണ്‌ ഈ കേബിള്‍ കാര്‍.

ഗോണ്ടോള നീങ്ങിത്തുടങ്ങി. മലനിരകളുടെ ഭംഗി വര്‍ണനാതീതം.









താഴെയായി ഒഴുകുന്ന ത്രിശൂലി നദി, പൈന്‍ മരക്കാടുകള്‍, മലമുകളില്‍ തട്ട് തിരിച്ചു ചെയ്യുന്ന നെല്ല്കൃഷി, കൂടാതെ അന്തരീക്ഷത്തിന്റെ കുളിര്‍മയും.

മറക്കാനാവാത്ത ഒരു യാത്ര... പക്ഷേ പത്തു മിനിറ്റ് മാത്രമേ ഉള്ളൂ.

മുകളില്‍ എത്തി.


ഇനി അല്‍പ ദൂരം നടന്നുവേണം ക്ഷേത്രത്തില്‍ എത്തുവാന്‍. നടപ്പാതയില്‍ ഇരുവശവും കടകള്‍. സാധാരണ അമ്പല പരിസരങ്ങളില്‍ കാണുന്ന കടകള്‍ തന്നെ, പൂജാ സാമഗ്രികള്‍, കളിപ്പാട്ടങ്ങള്‍, വള, മാല ഇത്യാദി..

പക്ഷെ അതിന്റെ കൂടെ ഭൂരിഭാഗം കടകളിലും നമ്മുടെ മരുന്നും കിട്ടും..യേത്.?




നടന്നു ക്ഷേത്രത്തിനു സമീപം എത്തി. നമ്മള്‍ കണ്ടു പരിചയിച്ചിട്ടില്ലാത്ത കിഴക്കന്‍ ഏഷ്യന്‍ രീതിയില്‍ ഉള്ള "പഗോഡ" രൂപത്തില്‍ ആണ് ക്ഷേത്രം.


മനാക്കമാനാ എന്നാല്‍ മനസ്സിന്റെ കാമനകള്‍ എന്ന് തന്നെയാണ് അര്‍ത്ഥം. 

അമ്പലത്തിനു വലം വച്ച്, ചുറ്റുമുള്ള മണികള്‍ അടിച്ചു പ്രാര്‍ഥിച്ചാല്‍ മനസ്സിലെ ആഗ്രഹങ്ങള്‍ സഫലീകരിക്കും എന്നാണ് വിശ്വാസം.

പ്രത്യേക ആഗ്രഹങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ ദേവിയെ മണിയടിക്കാന്‍ പോയില്ല.

17 )൦ നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ ക്ഷേത്രത്തില്‍ പാര്‍വതീദേവിയാണ് പ്രതിഷ്ട. ദേവിയെ ശക്തിയായി കണ്ട്, ആദി ദ്രാവിഡ ശൈലിയില്‍ ഉള്ള ശാക്തേയ പൂജ ആണ് ഇവിടെ നടത്തുന്നത്.

സിന്ദൂരം,പട്ട്, കുങ്കുമം,പഴങ്ങള്‍, പൂക്കള്‍, ഭക്ഷ്യ വസ്തുക്കള്‍, വിളക്ക്, മണി, വെറ്റില അടക്ക, തേങ്ങ, തുടങ്ങിയവയെല്ലാം ഇവിടെ നേര്‍ച്ചയാണ്‌.



എന്നാല്‍ ഇതൊന്നും ഒരു കാര്യമല്ല. പ്രഭാതങ്ങളില്‍ അമ്പലത്തിനു പുറകിലെ പ്രത്യേക സ്ഥലത്ത് നടക്കുന്ന ബലി. അതാണ്‌ പ്രധാന നേര്‍ച്ച.

ആട്, കോഴി,പ്രാവ് ഇവയെ എല്ലാം നേര്‍ച്ചയായി നല്‍കിയിരുന്നു. രാജ ഭരണം മാറിയതില്‍ പിന്നെ പാവം ആട് മാത്രമേ ഉള്ളൂ.

(c) flickr.com

ആര്യന്മാര്‍ രാക്ഷസര്‍ എന്ന് വിളിച്ചവരില്‍ ഒരു കൂട്ടര്‍ ഹിമാലയവാസികളും മറ്റൊരു കൂട്ടര്‍ സഹ്യസാനുവാസികളും ആയിരുന്നല്ലോ..

ഇപ്പോഴും പത്തനംതിട്ടയുടെ വനമേഖലകളിലെ മലദൈവങ്ങള്‍ക്കു ഇത് നടത്തുന്നുണ്ട്. അതെനിക്ക് നേരിട്ടറിയാം.

ബലി ഉണ്ടെങ്കില്‍ മദ്യവും കാണും.. ഉറപ്പ്.

മനസ്സിനെയും ശരീരത്തെയും ശാന്തമാക്കുന്ന കാലാവസ്ഥ. കാഴ്ചകളോ അതിഗംഭീരം...


തിരികെ പോകാന്‍ തയാറെടുത്തു കേബിള്‍കാര്‍ സ്റെഷനിലേക്ക് നടന്നു. 
അതാ അടുത്ത് ഒരു മദ്യശാല. കയറി.

സപ്ലെ ചെയ്യുന്നവന് കേരളത്തില്‍ നിന്നാണ് എന്നറിഞ്ഞപ്പോള്‍ ഒരത്ഭുതം . അവന്‍ മദ്രാസില്‍ ജോലി ചെയ്തിട്ടുണ്ട്.

suresh with bar-boy


ഒരു ഓറഞ്ച്   കായിച്ചു നില്‍ക്കുന്നു. 

കൂടെയുള്ളവര്‍ വരുന്ന വരെ അവിടെയിരിന്നു. പിന്നെ താഴേക്ക്....




താഴെയെത്തി. യാത്ര തുടരുകയാണ്... അടുത്ത ലക്‌ഷ്യം നേപ്പാളിന്റെ തലസ്ഥാനമായ കാട്ട്മണ്ടു....